Connect with us

Covid19

ദീപം തെളിയിക്കലിനിടെ ആകാശത്തേക്കു വെടിയുതിര്‍ത്തു; ബി ജെ പി വനിതാ നേതാവിനെതിരെ കേസ്

Published

|

Last Updated

ലഖ്‌നോ | കൊവിഡ് പ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യത്തെ ജനങ്ങള്‍ ദീപം തെളിയിച്ചതിനിടെ, തോക്കെടുത്ത് ആകാശത്തേക്കു വെടിയുതിര്‍ത്ത ബി ജെ പി വനിതാ നേതാവിനെതിരെ കേസ്. യു പിയിലെ ബല്‍റാംപൂര്‍ സ്വദേശിയും പാര്‍ട്ടിയുടെ വനിതാ വിഭാഗം ജില്ലാ അധ്യക്ഷയുമായ മഞ്ജു തിവാരിയുടെ പ്രവൃത്തി വന്‍ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതോടെ മാപ്പു പറഞ്ഞ് നേതാവ് തടിയൂരി. മഞ്ജുവിനെതിരെ ഇന്ത്യ ശിക്ഷാ നിയമത്തിലെ സ്‌ഫോടകവസ്തു ദുരുപയോഗവുമായി ബന്ധപ്പെട്ട 286ാം വകുപ്പു പ്രകാരവും 1959ലെ ആയുധ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി ബല്‍റാംപുര്‍ പോലീസ് അറിയിച്ചു. മഞ്ജുവിന്റെ ഭര്‍ത്താവ് ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

ദീപം തെളിയിക്കലിന്റെ സമയത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ മഞ്ജു ആകാശത്തേക്ക് തോക്കു ചൂണ്ടി വെടിയുതിര്‍ക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. നഗരം മുഴുവന്‍ വിളക്കുകളാലും മെഴുകുതിരികളാലും പ്രകാശപൂരിതമായപ്പോള്‍ ദീപാവലി ആഘോഷത്തെ പോലെ തോന്നിയെന്നും അതിന്റെ ആഹ്ലാദത്തിലാണ് വെടിയുതിര്‍ത്തതെന്നുമായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

Latest