Connect with us

Uae

കൊവിഡ് പ്രതിരോധം: റാസ് അല്‍ ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍

Published

|

Last Updated

റാസ് അല്‍ ഖൈമ | കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് റാസ് അല്‍ ഖൈമ സാമ്പത്തിക വകുപ്പ് വാണിജ്യ കേന്ദ്രങ്ങള്‍, ചില്ലറ വില്പന കേന്ദ്രങ്ങള്‍ എന്നിവക്ക് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഷോപ്പിങ് മാളുകള്‍, ഫാര്‍മസികള്‍, ബേക്കറികള്‍, തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിഭാഗം പ്രത്യേക സര്‍ക്കുലര്‍ അയച്ചു.

സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയും മുന്‍കരുതലുകളും പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണ് അധികൃതര്‍ സര്‍ക്കുലര്‍വഴി അറിയിച്ചത്. ആവശ്യത്തിന് അണുനശീകരണ വസ്തുക്കള്‍ സ്ഥാപനത്തില്‍ ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാനുള്ള ദൂരം അടയാളപ്പെടുത്തുക, സാധനങ്ങള്‍ വാങ്ങാനും ബില്‍ അടക്കാനും വരിനില്‍ക്കുമ്പോള്‍ ആളുകള്‍ക്കിടയില്‍ മതിയായ അകലം പാലിച്ചിട്ടുണ്ടൊ എന്നുറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സാമ്പത്തികവിഭാഗം സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.

ഇതിനുപുറമെ ഒരു സമയം സ്ഥാപനത്തിന്റെ മൊത്തം ശേഷിയുടെ 30 ശതമാനം മാത്രമേ അകത്തുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തുകയും വേണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നുണ്ട്. വൈറസ് വ്യാപനത്തിന്റെ ആഘാതം പരമാവധി കുറക്കുന്നതിനുള്ള സാമ്പത്തികവിഭാഗത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നിര്‍ദേശങ്ങളെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുര്‍ റഹ്മാന്‍ അല്‍ശായിബ് അല്‍ നഖ്ബി പറഞ്ഞു. ഇതുമായി എല്ലാ വ്യാപാര സ്ഥാപനങ്ങളും സഹകരിക്കണമെന്നും അല്‍ നഖ്ബി ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വകുപ്പിനുകീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും അല്‍ നഖ്ബി അറിയിച്ചു.

---- facebook comment plugin here -----

Latest