ലോക്ഡൗണിന്റെ അനന്തര ഫലങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ലോക്ഡൗൺ കാലത്ത് 50 ശതമാനത്തില്‍ കൂടുതല്‍ ആള്‍കാര്‍, ഉള്ള സമയം ഉറങ്ങിയും തിന്നും മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുമായി ഒതുങ്ങി കൂടുമ്പോള്‍, അറിയുന്നില്ല അവരറിയാതെ അവരുടെ ശരീരത്തില്‍ തളര്‍വാതം പിടിപെടുകയാണെന്ന സത്യം.
Posted on: April 4, 2020 9:26 pm | Last updated: April 5, 2020 at 12:17 am

ലോകം മുഴുവന്‍ ഇന്ന് കോവിട് 19 എന്ന് മാഹമാരിയുടെ പിടിയിലാണ്. ദിനംപ്രതി കൊറോണ ബാധിതരുടെ എണ്ണവും ഇതേ തുടര്‍ന്ന് മരണവും വര്‍ദ്ധിച്ചു വരുന്നു. ഈ അവസ്ഥയെ അതിജീവിക്കാന്‍ ഇന്ത്യ സര്‍കാര്‍ മുന്നോട്ട് വെച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നല്‍ രാജ്യം ഇതേ തുടര്‍ന്ന് നേരിടാന്‍ പോകുന്ന അനന്തര ഫലങ്ങള്‍ എന്താണെന്ന് ചിന്തിക്കുന്നവര്‍ വളരെ കുറവായിരിക്കും.

ലോക് ഡൗണ്‍ കാലത്ത് പല ഐ ടി കമ്പനികള്‍ ‘വര്‍ക് അട് ഹോം’ എന്ന ആശയത്തിലുടെ 20-25 ശതമാനം ആളുകള്‍ ഈ സമയം ജോലിക്ക് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍, 10-20 ശതമാനം ആള്‍കാര്‍ ജീവിതതിന്റെ തിരക്കിനിടയില്‍ മറന്നു പോയ സ്വന്തം കഴിവിനെ പൊടിതട്ടിയെടുക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ 50 ശതമാനത്തില്‍ കൂടുതല്‍ ആള്‍കാര്‍ ഇതിലൊന്നും ഉള്‍പെടാതെ, ഉള്ള സമയം ഉറങ്ങിയും തിന്നും മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുമായി ഒതുങ്ങി കൂടുമ്പോള്‍, അറിയുന്നില്ല അവരറിയാതെ അവരുടെ ശരീരത്തില്‍ തളര്‍വാതം പിടിപെടുകയാണെന്ന സത്യം.

ലോക്ഡൗണ്‍ കാലം, ശരീരത്തിന്റെ ലോക്ഡൗണ്‍ ആകുന്നതെങ്ങനെ?

നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരത്തിലെ ഒരു ചക്രമാണ് ബയോളജിക്കല്‍ ക്ലോക്ക് അല്ലെങ്കില്‍ സര്‍ക്കഡ്യന്‍ റിഥം. ശരിരത്താപം, പള്‍സ് റേറ്റ്, രക്ത സമ്മര്‍ദം, ദഹന പ്രക്രിയ, ഉറക്കം ഇവയെല്ലാം തന്നെ നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആന്തരിക ക്ലോക്കായ സര്‍ക്കഡ്യന്‍ റിഥതിന്റെ സഹായത്തോടെയാണ്.

നമ്മുടെ ദൈനദിന പ്രവര്‍ത്തിയും, അവയെ നിയന്ത്രിക്കുന്നതും ശരീരത്തിലെ ഈ ക്ലോക്ക് തന്നെയാണ്. ഇത് നമ്മുടെ ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇരുട്ടും വെളിച്ചവും ജീവിതത്തില്‍ എന്ത് മാത്രം പ്രാധാന്യമാണെന്ന സത്യം ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ശരിരം പ്രകൃതിയുടെ മാറ്റങ്ങളെ ഉല്‍കൊള്ളുമ്പോള്‍ മാത്രമേ നമുക്ക് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാന്‍ സാധിക്കുകയുള്ളൂ.

കഴിഞ്ഞ നാളുകളില്‍ നിന്നും വത്യസ്തമായ കാലത്തിലൂടെ കടന്നു പോകുമ്പോള്‍ നാം അറിയാതെ മാറുന്നത്, നമ്മുടെ ഈ ആന്തരിക ചക്രം കൂടിയാണ്. നേരത്തെ ഉറങ്ങി നേരത്തെ എണീറ്റ് ശീലിച്ചവര്‍ ഇന്ന് ഉറങ്ങുന്നതിനും ഉണരുന്നതിനും ഒരു നിശ്ചിത സമയം ഇല്ലാതെയായി എന്നതിനൊപ്പം പ്രഭാത ഭക്ഷണം ഉച്ചയ്ക്ക് ഉച്ചയൂണ് വൈകിട്ട് എന്നിങ്ങനെ നമ്മുടെ ദൈനദിന പ്രവര്‍ത്തനങ്ങളേയും കൂടിയാണ് ഇത് തകിടം മറിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഉറക്കം മനുഷ്യജീവന് എന്തുമാത്രം പ്രാധാന്യം കൊള്ളുന്നു എന്ന് വ്യക്തമാകുന്നത് ഇതിലൂടെയാണ്.

ഒരുപാട് ദൂരം സഞ്ചരിക്കുമ്പോള്‍ ജെറ്റ് ലാഗ് അനുഭവിച്ചിട്ടുണ്ടാകും, മറ്റൊരു ടൈം സോണില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലെ ആന്തരിക ക്ലോക്ക് ക്രമീകരിക്കാന്‍ (reset) ആവാതത്താണ് ഇതിന് കാരണം.

ക്രമാതീതമല്ലാത്ത ചക്രം (circadian rhythm),മെലടോനിന്‍, സേരടോണിന്‍, കോര്‍ട്ടിസോള്‍ എന്നീ ഹോര്‍മോണുകളുടെ വ്യതിയാനതിന് കാരണമാകുകയും ഇതു ഉറക്കമില്ലായിമ, ഉന്മേഷം കുറവ്, രോകപ്രതിരോധ ശക്തി കുറയുക, അമിത വണ്ണം, രക്ത സമ്മര്‍ദം, മാനസ്സിക സംഘര്‍ഷം, ജീവിത ശൈലി രോഗങ്ങളുമായി ബന്ധപെട്ടിരുന്നു.

ലോക് ഡൗണിനു ശേഷം നേരിടുന്ന സംഘര്‍ഷങ്ങള്‍;

ലഹരിശീലം (Addiction)

മദ്യപാനം പുകവലി മാത്രമാണ് ലഹരി ശീലം എന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. അമിതമായി എന്ത് നമ്മുടെ ജീവിതത്തെ സ്വാധിനിക്കുന്നുവോ അതെല്ലാം തന്നെ ലഹരിയായി കണകാകുന്നു. ലോക് ഡൗണ്‍ കാലത്ത് 90 ശതമാനത്തില്‍ കൂടുതല്‍ ജനങ്ങള്‍ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ, വീഡിയോ ഗെയിം എന്നീ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, അറിയാതെ നാം അതില്‍ കൂടുതല്‍ അടിമപെടുകയാണ്. ഇത് ക്രമേണ നമ്മുടെ ഉറകത്തെ ബാധിക്കുകയും, അന്‍സൈറ്റി, ഡിപ്രഷന്‍, സ്‌ട്രെസ്സ് എന്ന് മാനസിക അസ്വസ്ഥതക്ക് കാരണമാകുകയും ചെയ്യുന്നു.

അലസത (Laziness)

ലോക് ഡൗണ്‍ കാലത്തിനു ശേഷം ഇനി ജനങ്ങള്‍ നേരിടാന്‍ പോകുന്ന അടുത്ത പ്രശ്‌നമാണ് അലസത. 21 ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയിലേക്ക് പ്രവേശിക്കുന്ന വ്യക്തിക്ക്, ജോലിയോടുള്ള താല്‍പര്യം കുറയുകയും, ഉന്മേശകുറവ്, ഉര്‍ച്ച കുറവ്, തുടങ്ങിയ മാനസിക അസ്വസ്ഥത നേരിടേണ്ടി വരുമെന്നും വളരെ മുന്നേ തന്നെ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മുന്‍പറഞ്ഞ പോലെ പെട്ടെന്നുള്ള മാറ്റം അംഗീകരിക്കാന്‍ പറ്റാത്ത ശരീരത്തിന്റെ അവസ്ഥയാണ് ഇതിന് കാരണം.

അമിതാഹാരം/ അമിത വണ്ണം (Over eating/ Over weight)

വീട്ടിലിരിക്കുന്ന കാലം പുതിയ ഭക്ഷണ ശൈലി പരീക്ഷിക്കുന്നത് എല്ലാവര്‍ക്കും വളരെ താല്‍പര്യം ഉള്ള കാര്യമാണല്ലോ? ഇഷ്ടാഹരങ്ങളോടുള്ള അമിതമായ താല്‍പര്യം, ക്രമം തെറ്റിയുള്ള ആഹാരരീതിയെല്ലാം അമിത വണ്ണത്തിന് കാരണമാകുന്നു.

മാനസിക സംഘര്‍ഷം (Psycho somatic disorders)

പെട്ടെന്നുള്ള മാറ്റം ശരീരത്തിന് അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ജെറ്റ് ലാഗ്. ഇത് സ്‌ട്രെസ്സ്, ആന്‍സൈറ്റി, ഡിപ്രഷന്‍ പോലെയുള്ള മാനസിക പിരുമുറുകതിന് കാരണമാകുകയും ഒപ്പം ഇവ ദൈനദിന പ്രവര്‍ത്തനങ്ങളേയും ഓര്‍മ്മ ശക്തിയെയും വളരെ അധികം ബാധിക്കുകയും ചെയ്യുന്നു.

എങ്ങനെ ലോക് ഡൗണ്‍ ദിനം ആരോഗ്യ പൂര്‍ണമാക്കാം?

വ്യായാമം: ദിവസം 1 മണിക്കൂര്‍ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനും മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും.

ആഹാരം: പച്ചക്കറികള്‍ ഇലവര്‍ഗങ്ങള്‍ പഴവര്‍ഗങ്ങളും അമിതമായി ആഹാരത്തില്‍ ഉള്‍പെടുത്തുന്നത് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

വെള്ളം: ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക എന്നത് നിര്‍ബന്ധമാണ്. ചൂടുകാലത്ത് ശരീരത്തിലെ വരള്‍ച്ച, ഉന്മേഷ കുറവ് ഇല്ലാതാക്കുവാന്‍ ഇതുവഴി സാധിക്കും.

ശുചിത്വം: കൊറോണ കാലത്ത് ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് ശുചിത്വം. രണ്ട് നേരം കുളി ഈ സമയം ഉറപ്പ് വരുത്തുക. കൂടാതെ ഇടയ്ക്കിടെ മുഖവും കൈകാലുകളും സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നത് നല്ലതായിരിക്കും. ഒപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ വിട്ട്‌വീഴ്ച കാണിക്കരുത്.

ഡിജിറ്റല്‍ ഡിഡോക്‌സ്: മൊബൈല്‍ ഫോണ്‍, ടിവി സോഷ്യല്‍ മീഡിയ, വീഡിയോ ഗെയിം എന്നീ വിനോദങ്ങളില്‍ നിന്നും അകലം പാലിക്കുന്നതും, ഉള്ള സമയം പാഴാക്കാതെ വീട്ടുകാര്‍ക്കൊപ്പം അല്ലെങ്കില്‍ ബന്ധുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നതും ബന്ധങ്ങള്‍ വളരുവാന്‍ സഹായിക്കുന്നു. മിച്ച സമയം സ്വന്തം കഴിവിനെ കണ്ടെത്തുവാന്‍ വേണ്ടി ഉപയോഗിക്കുക.

ഉറക്കം: ഉറക്കം എന്ത് മാത്രം പ്രധാനമാണെന്ന് ഇപ്പൊള്‍ മനസ്സിലായി കാണുമല്ലോ. നേരത്തെ ഉറങ്ങി നേരത്തെ എണീക്കുന്ന ശീലം നമുക്കൊപ്പം തന്നെ വളര്‍ത്തി കൊണ്ടു വരുക. ഏതൊരു സാഹചര്യത്തിലും ഉറക്കത്തില്‍ വിട്ട് വീഴ്ച വരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്.

മാറ്റാം നമ്മുടെ ശീലങ്ങളെ, നേരിടാം ഈ ലോക് ഡൗണ്‍ തികച്ചും ആരോഗ്യ പൂര്‍ണമായി.

-ഡോ. സൗഫിയ സൈനുദ്ദീന്‍