Connect with us

Covid19

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊവിഡ്; ഇന്ന് മാത്രം രോഗം ഭേദമായത് 14 പേര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ഏഴും തൃശൂരിലും കണ്ണൂരിലുമായി ഓരോരുത്തരുമാണ് കൊവിഡ് പോസിറ്റീവായത്. ഇവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.സംസ്ഥാനത്താകെ 1,69,997പേര്‍ നിരീക്ഷണത്തിലാണ്. 1,69,291 പേരാണ് വീട്ടില്‍ ചികിത്സയിലുള്ളത്. 706 പേര്‍ ആശുപത്രിയിലും. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 154 പേരെയാണ്. 9,139 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 8126 പേര്‍ക്ക് രോഗമില്ലെന്നു വ്യക്തമായിട്ടുണ്ട്.

ഇതുവരെ 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 251 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് മാത്രം 14 പേര്‍ക്ക് രോഗം ഭേദമായി. കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും ഇവരെ ചികിത്സിച്ച നഴ്‌സും ഉള്‍പ്പെടെയാണിത്. കണ്ണൂരില്‍ ചികിത്സയിലായിരുന്ന അഞ്ചു പേര്‍, കാസര്‍കോട്ട് മൂന്ന്, ഇടുക്കിയില്‍ രണ്ട്, കോഴിക്കോട്ട് രണ്ട്, പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്. ലോകത്ത് കൊവിഡ് വൈറസ് ബാധിത കേസുകളും മരണവും കുതിച്ചുയരുമ്പോള്‍ കേരളത്തില്‍ വലിയ തോതില്‍ രോഗം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നു എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മികവാണിത് കാണിക്കുന്നത്. പ്രതികൂല സാഹചര്യത്തില്‍ ത്യാഗനിര്‍ഭരമായ സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.