Connect with us

Kerala

ലോക്ക്ഡൗണ്‍: മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാറിന്റെ സഹായ ഹസ്തം; ₹ 2000 നല്‍കും

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാറിന്റെ സഹായ ഹസ്തം. മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ പേര്‍ക്കും 2000 രൂപ നല്‍കും. അംഗമായത് മുതല്‍ തുടര്‍ച്ചയായി വിഹിതം അടച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് ഈ സഹായം ലഭിക്കുക. മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഇതിനായി അഞ്ച് കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ജോലിയില്ലാത്ത മദ്‌റസാധ്യാപകര്‍ക്ക് ഇത് ആശ്വാസം നല്‍കുമെന്ന് മദ്‌റസാധ്യാപക ക്ഷമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി സൂര്യ സിറാജിനോട് പറഞ്ഞു. സഹായം ലഭിക്കാന്‍ ഈ മാസം 30 ന് മുമ്പായി കോഴിക്കോട്ടുള്ള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നേരിട്ടോ അല്ലാതെയോ അപേക്ഷ നല്‍കണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അംഗത്വരേഖ, ബേങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ അപേക്ഷയൊടൊപ്പം സമര്‍പ്പിക്കണം.

മദ്‌റസാധ്യാപക ക്ഷേമനിധിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് മദ്‌റസാധ്യാപകരെ സഹായിക്കാന്‍ തുക നീക്കിവെക്കുന്നത്. കോര്‍പ്പസ് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി തേടി ബോര്‍ഡ് സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുക വിനിയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്‍ഷന്‍ രണ്ട് മാസത്തേത് ഒന്നിച്ച് വിതരണം ചെയ്യാന്‍ ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഏപ്രില്‍, മെയ് മാസത്തെ പെന്‍ഷനാണ് അഡ്വാന്‍സായി നല്‍കുന്നത്. ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ 1500 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇത് പ്രകാരം രണ്ട് മാസത്തെ പെന്‍ഷന്‍ 3000 രൂപ ലഭിക്കും. ഇതിന് പുറമെ മാര്‍ച്ചിലെ ആയിരം രൂപ പെന്‍ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇപ്പോള്‍ മൊത്തം 4000 രൂപയാണ് ലഭ്യമാകുക. മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ നിലവില്‍ 25,000 അംഗങ്ങളാണുള്ളത്. കഴിഞ്ഞ മാര്‍ച്ച് 31 ഓടെ അംഗങ്ങളുടെ എണ്ണം 50,000 ആക്കി വര്‍ധിപ്പിക്കാന്‍ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് ക്യാമ്പയിന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest