Connect with us

Covid19

പോത്തന്‍കോട് കൊവിഡ് മരണം; പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല, വിശദമായ അന്വേഷണം നടത്തും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പോത്തന്‍കോടില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് മറ്റ് ഗുരുതരമായ അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്ന രോഗിയുടെ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും അര്‍ധരാത്രിയോടെ മരിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ വീടിനടുത്തു തന്നെയുള്ള ജുമാമസ്ജിദ് ഖബറിടത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഖബറടക്കം നടക്കുക.

എവിടെ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവാഹമുള്‍പ്പെടെയുള്ള പല പൊതു ചടങ്ങുകളിലും പരിപാടികളിലും പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൊവിഡ് മരണമുണ്ടായ സാഹചര്യത്തില്‍ പോത്തന്‍കോട് നിവാസികള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. നാട്ടുകാര്‍ അടുത്തറിയാവുന്ന ആളാണ് മരിച്ചയാള്‍. അദ്ദേഹവുമായി അടുത്തിടപഴകിയ മക്കളുള്‍പ്പെടെയുള്ള എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തയാറാകണം. സംശയമുള്ള എല്ലാവരുടെയും സ്രവം ശേഖരിച്ച് പരിശോധനക്കയക്കും.

പോത്തന്‍കോട് ഗ്രാമ പഞ്ചായത്തില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നുവരികയാണ്. അത് കൂടുതല്‍ ശക്തിപ്പെടുത്തും. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ്, ഗ്രാമ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവയെല്ലാം ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Latest