അമേരിക്ക ഇത്രക്ക് ദുര്‍ബലമാണോ?

കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടിക്കൊണ്ടിരുന്നപ്പോള്‍ ട്രംപ് പറഞ്ഞത് ഈസ്റ്ററോടെ എല്ലാം ശരിയാകുമെന്നാണ്. എന്നുവെച്ചാല്‍ ഏപ്രിലില്‍ അമേരിക്ക സാധാരണ നിലയിലാകുമെന്ന് തന്നെ. അദ്ദേഹത്തിന്റെ സെക്രട്ടറിമാര്‍ പോലും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.  
Posted on: March 29, 2020 12:11 pm | Last updated: March 29, 2020 at 12:14 pm
കടപ്പാട്: ദി ഇക്കണോമിസ്റ്റ്

പത്ത് വര്‍ഷം മുമ്പ്, ബീഫും പൊറോട്ടയും കഴിച്ചുകൊണ്ടിരിക്കെ ഒരു സുഹൃത്ത് പറഞ്ഞത് ഈ കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ഓര്‍ത്തുപോയി. സംഗതി തമാശയാണ്. റഷ്യയൊക്കെ എന്ത്? സാങ്കേതിക വിദ്യയെന്നാല്‍ അമേരിക്കയല്ലേ. ഒറ്റ ഉദാഹരണം നോക്കൂ. ഈ ബീഫ് അമേരിക്കയിലായിരുന്നെങ്കില്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നറിയാമോ? ഒരു കാളയെ യന്ത്രത്തിനകത്തേക്ക് നടത്തിച്ച് കയറ്റും. റോബോട്ടിക് യന്ത്രമാണ്. ആദ്യം കാളയെ കശാപ്പ് ചെയ്യും. എന്നിട്ട് ഇറച്ചി വേറെയും എല്ല് വേറെയുമാക്കും. യന്ത്രത്തിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്ന ഇറച്ചിയില്‍ മസാല പുരളും, വേവും. ഒടുവില്‍ നല്ല ആവി പറക്കുന്ന ബീഫ് ഫ്രൈയായി പ്ലേറ്റില്‍ പുറത്തുവരും. രുചിച്ച് നോക്കിയിട്ട് ഗംഭീരമെന്ന് ബോധ്യപ്പെട്ടാല്‍ പ്ലേറ്റുകളുടെ എണ്ണം അടിച്ച് കൊടുത്ത് ആവശ്യത്തിന് വരുത്താം. ഇനി അഥവാ ഡിഷ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്ലേറ്റ് തിരികെ യന്ത്രത്തിലേക്ക് കടത്തിവിടാം. മറ്റൊരു ബട്ടണ്‍ അമര്‍ത്തിയാല്‍ അപ്പുറത്ത് കാള ഇറങ്ങി വരും.

ALSO READ  ആ കത്ത് അമിത് ഷാ വായിക്കുമോ?

എങ്ങനെയുണ്ട്? എത്ര ഭാവനാത്മകമായാണ് അമേരിക്കന്‍ സാങ്കേതിക വികാസമെന്ന അഹങ്കാരത്തെ ട്രോളിയിരിക്കുന്നത്. വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയില്‍ ചില വിഡ്ഢി മനുഷ്യന്‍മാര്‍ ഇന്നും ഇതിനേക്കാള്‍ നല്ല തമാശകള്‍ പച്ചപ്പരമാര്‍ഥമെന്ന് കരുതി ഷെയര്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു, കണ്ടെത്തി എന്ന മുഖവുരയോടെ എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് പ്രചരിക്കാറുള്ളത്. ഡെന്‍വര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡബ്ലിയു ജോസഫ് റിച്ചാര്‍ഡിന്റെ പ്രബന്ധം എന്നൊക്കെയങ്ങ് തട്ടിവിട്ടാല്‍ മതി. ശീത സമരകാലത്ത് അമേരിക്ക സൃഷ്ടിച്ചെടുത്ത പൊതുബോധത്തില്‍ നിന്നാണ് ഇത്തരം “വിവരങ്ങള്‍’ പൊട്ടിമുളക്കുന്നത്. അറിവിന്റെ മഹാസ്രോതസ്സായ പൗരസ്ത്യ മേഖലയെ ഇരുണ്ട ഇടമായി അടയാളപ്പെടുത്തുന്നതില്‍ യൂറോപ്യന്‍ കൊളോണിയലിസം വിജയിച്ചെങ്കിലും ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം വൈദഗ്ധ്യത്തിന്റെ ആസ്ഥാനപ്പട്ടം അമേരിക്ക കൈവശപ്പെടുത്തുകയായിരുന്നു.

എന്നാല്‍, ആ സര്‍വജ്ഞ പീഠത്തിലിരുന്ന രാജാക്കന്‍മാര്‍ നഗ്നരായിരുന്നുവെന്നും കുറേ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അവരവരുടെ അധികാരം കാത്തുസൂക്ഷിക്കാന്‍ അപദാനം ചൊരിഞ്ഞതുകൊണ്ട്് മാത്രം നിലനിന്ന പ്രതിച്ഛായയാണ് മിക്ക അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും ഉണ്ടായിരുന്നതെന്നും പിന്നീട് വ്യക്തമാകാന്‍ തുടങ്ങി. യു എസ് ഇന്റലിജന്‍സ്, സെക്യൂരിറ്റി ശേഷി ഊതിവീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം വ്യക്തമാക്കിയതാണല്ലോ. അഹന്തയുടെ കാറ്റ് പോയതിനാണല്ലോ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ മുഴുവന്‍ കുട്ടിച്ചോറാക്കുന്ന ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിച്ചത്. എന്നിട്ട് എന്ത് നേടി? എല്ലായിടത്തും സമ്പൂര്‍ണ പരാജയമടഞ്ഞ് പിന്‍വാങ്ങി. കത്രീന ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ ദുരന്ത നിവാരണത്തില്‍ ഈ ഒന്നാം നമ്പര്‍ രാജ്യം എവിടെ നില്‍ക്കുന്നുവെന്ന് തെളിഞ്ഞു. സാമ്പത്തിക മാന്ദ്യം എപ്പോഴൊക്കെ ലോകത്തെ പിടിച്ചുലച്ചുവോ അപ്പോഴെല്ലാം മൂക്കുകുത്തി വീണത് ഈ മല്ലന്‍ രാഷ്ട്രമാണ്.

ALSO READ  ആ കത്ത് അമിത് ഷാ വായിക്കുമോ?

ഇപ്പോഴിതാ കൊറോണയും അമേരിക്കന്‍ അഹന്തക്ക് മേല്‍ അണുബോംബ് വര്‍ഷിച്ചിരിക്കുന്നു. ലിറ്റില്‍ ബോയ് എന്നായിരുന്നുവല്ലോ ജപ്പാനില്‍ ഇട്ട ആറ്റംബോംബിന്റെ പേര്. കൊറോണ വെരി വെരി ലിറ്റില്‍ ബോയ് ആണ്. ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച രാജ്യമായി യു എസ് മാറിയിരിക്കുന്നു. വളരെ പെട്ടെന്നായിരുന്നു രോഗ വ്യാപനം. ഒരു ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,500 പേര്‍ മരിച്ചുവീണു. വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയില്‍ 81,000 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അവിടെ കാര്യങ്ങള്‍ കൈപ്പിടിയിലായിരിക്കുന്നു. സ്‌പെയിനിലും ഇറ്റലിയിലും രോഗ വ്യാപനത്തിന് ശമനമുണ്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പൂര്‍ണ ആശ്വാസം കൈവന്നില്ലെങ്കിലും പിടിച്ചുനില്‍ക്കാനാകുന്നുണ്ട്. അമേരിക്കക്ക് മാത്രം ഒരു നിശ്ചയവുമില്ല, ഒന്നിനും. ചില സ്റ്റേറ്റുകള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യവ്യാപകമായ അടച്ചിടല്‍ ഇപ്പോഴും നടന്നിട്ടില്ല എന്നതാണ് ആശ്ചര്യകരം. കൊവിഡ് വ്യാപനം അമേരിക്കന്‍ ആരോഗ്യ സംവിധാനത്തിന്റെ ദൗര്‍ബല്യം അനാവരണം ചെയ്തിരിക്കുന്നു. ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ തികയുന്നില്ല. വെന്റിലേറ്ററുകള്‍ ആവശ്യത്തിനില്ല. എന്തും സത്വരം കണ്ടെത്തുമെന്ന് വീമ്പുപറയുന്ന ഗവേഷകര്‍ പ്രതിരോധ മരുന്നിനടുത്തെത്തുന്നില്ല.

എല്ലാത്തിലുമുപരി നട്ടെല്ലുറപ്പുള്ള, സ്ഥൈര്യമുള്ള കപ്പിത്താനുമില്ല. ഏറ്റവും മോശം അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് നേരത്തേ തെളിഞ്ഞതാണ്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മേശം ഭരണാധികാരിയെന്ന പരമപട്ടത്തിലേക്കാണ് അദ്ദേഹം ഓടുന്നത്. ചെറിയ തിരിച്ചടിയില്‍ ഉലഞ്ഞു പോകുന്ന ജനതയാണ് അമേരിക്കയിലുള്ളതെന്ന് കൂടി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് അവിടെ നിന്ന് വരുന്നത്. അപര രാഷ്ട്ര വിദ്വേഷത്തിലും സൂപ്പർമസി ബോധത്തിലും അധിഷ്ഠിതമായ അമേരിക്കന്‍ പൊളിറ്റിക്ക്് യാഥാര്‍ഥ്യത്തെ നേര്‍ക്കുനേര്‍ നേരിടൽ ദുഷ്‌കരമെന്ന് തെളിയുകയാണ്. മിഥ്യാഭിമാനത്തില്‍ അധിഷ്ഠിതമായ ഏത് ദേശീയതക്കും വന്നുചേരുന്ന അനിവാര്യമായ ദുരന്തമാണിത്. വ്യവസ്ഥയെ അതിരുകവിഞ്ഞ് വിശ്വസിക്കുകയാണ് അമേരിക്കക്കാര്‍. ആ വിശ്വാസം അസ്തമിക്കുമ്പോള്‍ അവര്‍ തകര്‍ന്നുപോകുന്നു. ഏഷ്യയിലെയോ ആഫ്രിക്കയിലെയോ മനുഷ്യര്‍ക്ക് ഈ വ്യാജ ആത്മവിശ്വാസമില്ല.

കൊവിഡ് വ്യാപനത്തില്‍ ആരും രാഷ്ട്രീയം കാണുന്നില്ല. വ്യാഖ്യാനങ്ങള്‍ അസാധ്യമാക്കിയാണ് രോഗം പടരുന്നത് എന്നതില്‍ ആര്‍ക്കും സംശയവുമില്ല. എന്നാല്‍, അമേരിക്കയുടെ കാര്യത്തില്‍ മാത്രം മുഴുവന്‍ വിദഗ്ധരും ഒരു പോലെ അഡ്മിനിസ്‌ട്രേഷന്‍ ഫെയിലിയര്‍ ആരോപിക്കുന്നു. യുവാഹ് നോഹ് ഹരാരി ഈയിടെ പുറത്തിറക്കിയ പ്രബന്ധം ഇത്തരമൊരു മഹാമാരിയെ നേരിടുന്നതില്‍ ഭരണ നേതൃത്വത്തിനുള്ള പങ്ക് ഊന്നിപ്പറയുന്നുണ്ട്. കൊവിഡിന്റെ മുന്നില്‍ രാജ്യങ്ങളില്ല, ലോകമേ ഉള്ളൂവെന്നതാണ് ആദ്ദേഹം അടിസ്ഥാനപരമായി മുന്നോട്ടുവെക്കുന്ന ആശയം. അതത് രാജ്യങ്ങള്‍ക്ക് പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. അറിവുകളും അനുഭവങ്ങളും പങ്കുവെക്കണം. സാങ്കേതിക വിദ്യ കൂട്ടായി വികസിപ്പിക്കണം, ഉപയോഗിക്കണം. ഈ പാഠം നിരാകരിച്ചുവെന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പരാജയം. അദ്ദേഹം തുടക്കത്തിലേ പ്രഖ്യാപിച്ചു: ഇത് ചൈനീസ് വൈറസാണ്. അതിനെ നേരിടാനുള്ള ഉത്തരവാദിത്വവും ചൈനക്കാണ്. അമേരിക്കയെ കീഴ്‌പ്പെടുത്താന്‍ ഒരു വൈറസിനും സാധ്യമല്ല. ഞങ്ങള്‍ സജ്ജരാണെന്ന്.

ALSO READ  ആ കത്ത് അമിത് ഷാ വായിക്കുമോ?

കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടിക്കൊണ്ടിരുന്നപ്പോള്‍ ട്രംപ് പറഞ്ഞത് ഈസ്റ്ററോടെ എല്ലാം ശരിയാകുമെന്നാണ്. എന്നുവെച്ചാല്‍ ഏപ്രിലില്‍ അമേരിക്ക സാധാരണ നിലയിലാകുമെന്ന് തന്നെ. അദ്ദേഹത്തിന്റെ സെക്രട്ടറിമാര്‍ പോലും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെയൊരു ഡെഡ്‌ലൈന്‍ വെക്കാന്‍ എന്ത് വസ്തുതയാണ് കൈയിലുള്ളതെന്ന് അവര്‍ ചോദിച്ചു. പ്രസിഡന്റിനെ തിരുത്തി വൈറ്റ്ഹൗസിന് തന്നെ രംഗത്ത് വരേണ്ടിവന്നു. വൈറസ് ചെയിന്‍ പൊട്ടിക്കാന്‍ ഒന്നും ചെയ്യാതെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയതെന്നോര്‍ക്കണം. ചൈനയെ രക്ഷിച്ചത് ലോക്ക്ഡൗണാണ്. തുടക്കത്തില്‍ സാവധാനമാണ് അമേരിക്കയെ വൈറസ് കീഴ്‌പ്പെടുത്തിയിരുന്നത്. അന്ന് ലോക്ക്ഡൗണിലേക്ക് പോയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ല. സ്വയമൊരു ബിസിനസുകാരനായ ട്രംപ് സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് ഊന്നല്‍ നല്‍കിയത്. ലോക്ക്ഡൗണ്‍ വന്നാല്‍ സാമ്പത്തിക ആഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് സാവധാനം മതി. വിപണിക്ക് ആത്മ വിശ്വാസം നല്‍കുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് 2003ലെ സാര്‍സിന്റെ അനുഭവമുണ്ടായിരുന്നു. അതുകൊണ്ട് അവ തുടക്കത്തിലേ ചെയിന്‍ മുറിക്കാനിറങ്ങി. ഈ അനുഭവം വെച്ച് ട്രംപിനെയും പലരും ഉപദേശിച്ചതാണ്. അദ്ദേഹം ചെവിക്കൊണ്ടില്ല. അതിന്റെ ഫലം കണക്കില്‍ കാണാം. ചൈനയില്‍ 10 ലക്ഷത്തിന് 57 പേര്‍ എന്നതാണ് കൊവിഡ് ബാധയുടെ നിരക്ക്. ഹോങ്കോംഗില്‍ അത് 60ഉം, തായ്‌വാനില്‍ 11ഉം, സിംഗപ്പൂരില്‍ 117ഉം ജപ്പാനില്‍ 11ഉം, കൊറിയയില്‍ 180ഉം ആണ്. എന്നാല്‍, യു എസില്‍ ഇത് 250 എന്ന നിലയിലാണ് കുതിക്കുന്നത്.

വസ്തുതകള്‍ തേടുന്നില്ലെന്നതാണ് ട്രംപിന്റെ പ്രധാന കുഴപ്പം. മുമ്പ് മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയത് അങ്ങനെയാണ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതും താലിബാനോട് ചര്‍ച്ച നടത്തിയതും ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ചതുമെല്ലാം അങ്ങനെയായിരുന്നു. കൊറോണ കാലത്തും വസ്തുതയുടെ പിന്‍ബലമില്ലാത്ത പ്രഖ്യാപനങ്ങള്‍ വന്നു. യു എസ് നാവിക സേന രണ്ട് ഹോസ്പിറ്റല്‍ ഷിപ്പുകള്‍ ന്യൂയോര്‍ക്കിലേക്ക് അയച്ചിട്ടുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചു. നേവി തിരുത്തി. ഇല്ല, അതിന്റെ പണി നടക്കുന്നേയുള്ളൂ. ഗൂഗിളുമായി സഹകരിച്ച് കൊവിഡ് പരിശോധനാ സംവിധാനം ഒരുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെയൊന്ന് പരിഗണനയിൽ തന്നെയില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്.

ട്രംപ് അധികാരത്തില്‍ വന്ന ശേഷം ആരോഗ്യരംഗത്ത് കൈക്കൊണ്ട നയങ്ങളുടെ തുടര്‍ച്ചയാണ് യു എസ് ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധി. ഈ ലേഖകന്‍ 2017ല്‍ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ക്കൊപ്പം അമേരിക്കയില്‍ പോയപ്പോള്‍ ഇത് അനുഭവിച്ചറിഞ്ഞതാണ്. ഒരു സുഹൃത്ത് മഞ്ഞില്‍ തെന്നിവീണു. കാലിന് ചെറിയ മുറിവ്. കട്ടത്തണുപ്പിലും വിയര്‍പ്പിക്കുന്ന ബില്ല്. ഇന്‍ഷ്വറന്‍സ് കമ്പനി കൊടുക്കുമെന്നത് കൊണ്ട് രക്ഷപ്പെട്ടു. അത് ഞങ്ങള്‍ അതിഥികള്‍ക്ക് കിട്ടിയ പ്രിവിലേജ്. അന്നാട്ടുകാര്‍ക്ക് ഒബാമയുടെ കാലത്ത് നല്‍കിയ മുഴുവന്‍ ആരോഗ്യ സമാശ്വാസ പദ്ധതികളും ട്രംപ് എടുത്തുകളഞ്ഞിരുന്നു. തീര്‍ത്തും ലാഭാധിഷ്ഠിതമായ അവസ്ഥയിലേക്ക് ആരോഗ്യരംഗം കൂപ്പുകുത്തി. പണമുള്ളവന് മാത്രമായി ആരോഗ്യപരിരക്ഷ ചുരുങ്ങി. അസുഖം ആഗ്രഹിക്കുന്ന ആരോഗ്യ സംവിധാനമെന്നാണ് വിദഗ്ധര്‍ അമേരിക്കന്‍ വ്യവസ്ഥയെ വിളിക്കുന്നത്. ദേശീയ സുരക്ഷാ വിഭാഗത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പകര്‍ച്ചവ്യാധി വിരുദ്ധ യൂനിറ്റ് അടച്ചു പൂട്ടിയയാളാണ് ട്രംപ്- 2018ല്‍. പകര്‍ച്ച വ്യാധിവിരുദ്ധ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര സമിതിയില്‍ നിന്ന് യു എസ് പിന്‍വാങ്ങുകയും ചെയ്തു.

ALSO READ  ആ കത്ത് അമിത് ഷാ വായിക്കുമോ?

ഇക്കാര്യത്തില്‍ ട്രംപിനെ മാത്രം പഴിക്കുന്നതില്‍ അര്‍ഥമില്ല. മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമാണ് അത്. മുതലാളിത്തത്തിന് എല്ലാം പദാര്‍ഥപരമാണ്. രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ മുതലാളിത്തം വന്‍തോതില്‍ മരുന്നുണ്ടാക്കും. അപ്പോള്‍ മരുന്നാണ് ലാഭകരമായ ഉത്പന്നം. മരുന്ന് ഫലിക്കാതെ വന്നാല്‍ ശവപ്പെട്ടിയുണ്ടാക്കും. അതാണ് അപ്പോള്‍ ലാഭകരം. ഇത് വിപണിയുടെ കണക്കാണ്. ഈ ലാഭക്കൊതി അനുവദിക്കാതിരിക്കുകാണ് ഒരു ക്ഷേമ രാഷ്ട്രം ചെയ്യേണ്ടത്. അതില്ലാത്തതിന്റെ ദുരന്തമാണ് അമേരിക്ക അനുഭവിക്കാന്‍ പോകുന്നത്. നാല് മാസത്തിനകം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് 81,000 പേര്‍ മരിക്കുമെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ പ്രോഗ്രഷന്‍ നിരക്കാണ് നടക്കാന്‍ പോകുന്നതെങ്കില്‍ യു എസിന്റെ സര്‍വനാശമാകും കാണേണ്ടി വരിക.

കൊവിഡ് വൈറസ് എല്ലാം മാറ്റിമറിക്കുകയാണ്. വരമ്പത്ത് തന്നെയാണ് കൂലി. താന്‍ പുച്ഛിച്ച് തള്ളിയ അതേ ചൈനീസ് പ്രസിഡന്റുമായി ട്രംപ് സംസാരിച്ചിരിക്കുന്നു, സഹായമഭ്യര്‍ഥിച്ചിരിക്കുന്നു. നല്ല കാര്യം. ഇരു ശക്തികളും ഒരുമിച്ച് നിന്ന് വൈറസിനെതിരായ പോരാട്ടം ശക്തമാക്കട്ടെ. വടംവലിക്ക് ഇനിയും സമയമുണ്ട്. തുടങ്ങിവെച്ച വ്യാപാരയുദ്ധമുണ്ടല്ലോ. അത് പുനരാരംഭിക്കാം. പൊരുതി നോക്കാനെങ്കിലുമുള്ള ത്രാണി അമേരിക്കക്ക് അവശേഷിക്കുമോ എന്നതാണ് ചോദ്യം.