രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് ഇങ്ങനെ

Posted on: March 20, 2020 3:58 am | Last updated: March 20, 2020 at 8:05 am

ന്യൂഡല്‍ഹി | ഡല്‍ഹിനഗരത്തില്‍ 2012 ഡിസംബര്‍ 16 നു രാത്രിയില്‍ സുഹൃത്തിനൊപ്പംബസ്സില്‍യാത്ര ചെയ്യുകയായിരുന്ന വൈദ്യവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണ് പിന്നീട് നിര്‍ഭയ കേസായി രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമായത്. സംഭവത്തില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന്ഡല്‍ഹിസഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായിസിംഗപ്പൂരിലെമൌണ്ട് എലിസബത്ത് ആശുപത്രിയില്‍പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.

ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടര്‍ന്ന്ചര്‍ച്ചകളുണ്ടാവുകയും,ഡല്‍ഹിയില്‍പ്രതിഷേധങ്ങള്‍ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടര്‍ന്ന ഈ പ്രതിക്ഷേധങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പെണ്‍കുട്ടി കാമുകനോടൊപ്പം രാത്രിയില്‍ യാത്ര ചെയ്തു എന്നതാണ് ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യാനുള്ള കാരണമായി പ്രതികള്‍ കോടതിയെ ബോധിപ്പിച്ചത്.

പെണ്‍കുട്ടിയും സുഹൃത്തുംകൂടി ദക്ഷിണ ഡെല്‍ഹിയില്‍ മുനീര്‍ക്കയില്‍ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ്‌ലൈന്‍ ബസ്സിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാമെഡിക്കല്‍ കോഴ്‌സിനു പഠിക്കുന്ന പെണ്‍കുട്ടി ഡെല്‍ഹിയില്‍ പരിശീലനത്തിനായി വന്നതായിരുന്നു. 2012 ഡിസംബര്‍ 16 ന് ദക്ഷിണ ഡെല്‍ഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററില്‍ സിനിമകണ്ടതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം പോയതായിരുന്നു സുഹൃത്ത്.

ബസ്സിലുണ്ടായിരുന്ന ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികള്‍ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവര്‍ പെണ്‍കുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെണ്‍കുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയില്‍ അക്രമികളിലൊരാള്‍ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റി. ഏതാണ്ട് 11 മണിയോടെ ഇരുവരേയും അര്‍ദ്ധനഗ്‌നരായി റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. ഒരു വഴിപോക്കനാണ് ഇരുവരെയും കണ്ട് വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്.

ഉത്തര്‍പ്രദേശിലെ ബല്ല്യ എന്ന സ്ഥലത്തെ മേദ്വാര കലാന്‍ ഗ്രാമത്തില്‍നിന്നുള്ള ഫിസിയോതെറാപ്പി ബിരുദവിദ്യാര്‍ത്ഥിനിയാണ് അക്രമത്തിനിരയായ പെണ്‍കുട്ടി. ഡെല്‍ഹിയില്‍ പരിശീലനത്തിനായി വന്നതായിരുന്നു. കൂടെയുണ്ടായിരുന്ന 28 കാരനായ സുഹൃത്ത് ഖോരക്പൂര്‍ സ്വദേശിയാണ്. ബലാത്സംഗത്തിനിടയില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സിച്ചു. ആന്തരാവയവങ്ങള്‍ക്കുണ്ടായ ക്ഷതവും തലച്ചോറിലുണ്ടായ അണുബാധയും നിയന്ത്രണവിധേയമാവാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ നല്‍കാനെന്നപേരില്‍ ഡിസംബര്‍ 27 ന് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് ആ കുട്ടി മരണപ്പെടുകയായിരുന്നു.

സിംഗപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ചികിത്സയിലിരുന്ന ഡെല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിക്ക് മൂന്നു തവണ ഹൃദയാഘാതം വന്നുവെന്ന് സിംഗപ്പൂര്‍ ആശുപത്രി അധികൃതര്‍ ഒരു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ചികിത്സയ്ക്കിടെ ബോധം കൈവന്നപ്പോള്‍ പെണ്‍കുട്ടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി കൊടുത്തിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് ആറ് പേരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഉത്തര്‍പ്രദേശിലെ ബദയൂണ്‍ സ്വദേശിയായ പതിനേഴുകാരന്‍ ദില്ലിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ വെച്ച് അറസ്റ്റിലായി. പുറംലോകത്തിന് അജ്ഞാതനായി തുടരുന്ന കുറ്റവാളികളിലെ ഏറ്റവും ക്രൂരനായി അറിയപ്പെടുന്ന പതിനേഴുകാരന്‍ അന്നുമാത്രമാണ് മറ്റുള്ളവരുമായി പരിചയപ്പെടുന്നത്. രാംസിംഗ് – ബസ്സിന്റെ ഡ്രൈവര്‍ (ഇയാള്‍ 2013 മാര്‍ച്ച് 11-ന് ജയിലിനുള്ളില്‍ വെച്ച് ആത്മഹത്യ ചെയ്തു), മുകേഷ് സിംഗ് – രാംസിംഗിന്റെ സഹോദരന്‍, വിനയ് ശര്‍മ്മ – ഒരു ജിംന്യേഷത്തിന്റെ പരിശീലകന്‍, പവന്‍ ഗുപ്ത – ഒരു പഴക്കച്ചവടക്കാരന്‍, രാജു അക്ഷയ് ഥാക്കൂര്‍ – ഡെല്‍ഹിയില്‍ ജോലി തേടി വന്ന ഒരു യുവാവ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവരെ അറസ്റ്റിനുശേഷം തിഹാര്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റു തടവുകാര്‍ ഇവര്‍ക്കെതിരേ കടുത്ത ആക്രമണം അഴിച്ചു വിട്ടു. ഇവരുടെ സുരക്ഷയെക്കരുതി പ്രത്യേക മുറിയിലാണ് ആറുപേരെയും പിന്നീട് പാര്‍പ്പിച്ചിരുന്നത്.

മുകേഷ്, വിനയ്, പവന്‍ എന്നിവരെ 19 ആം തീയതി തന്നെ സാകേത് കോടതിക്കു മുമ്പില്‍ ഹാജരാക്കി. അവിടെവെച്ച് പ്രതികളില്‍ മൂന്നുപേര്‍ കുറ്റസമ്മതം നടത്തുകയുണ്ടായി. കോടതി ഇവരെ പതിനാലു ദിവസത്തെ റിമാന്റിലേക്ക് വിട്ടു. വിനയ്ശര്‍മ്മ തനിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. താന്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഉപദ്രവിക്കുക മാത്രമേ ചെയ്തുള്ളു എന്നും, മറ്റ് കാര്യങ്ങളില്‍ യാതൊരു പങ്കുമില്ല എന്നും കോടതിക്കു മുമ്പില്‍ മൊഴി നല്‍കി. മുകേഷ് എന്നയാള്‍ കുറ്റസമ്മതം നടത്തിയില്ല, എന്നു മാത്രമല്ല ഒരു തിരിച്ചറിയല്‍ പരേഡിന് തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരേ പോലീസ് ചാര്‍ത്തിയത്. സെക്ഷന്‍ 365 (തട്ടിക്കൊണ്ടുപോകലും, പീഡിപ്പിക്കലും), 376 (2) (കൂട്ട ബലാത്സംഗം), 377 (അസ്വാഭാവികമായ നിയമലംഘനം), 394 (മോഷണശ്രമത്തിനിടെയുള്ള പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് ചുമത്തിയിരുന്നത്.