Connect with us

Covid19

കൊവിഡ് പ്രതിരോധത്തില്‍ സക്രിയമായ പങ്കു നിര്‍വഹിക്കണം; തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വൈറസ് പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവവും സക്രിയവുമായ പങ്ക് നിര്‍വഹിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മുഖ്യമന്ത്രി ഈ അഭ്യര്‍ഥന നടത്തിയത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഇടപെടണമെന്നും സാധാരണ ജീവിതം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

വൈറസ് മൂന്നാം ഘട്ടത്തിലേക്കു കടന്നാല്‍ അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്നും പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ സാഹചര്യമാണെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. എന്നാല്‍ ജാഗ്രതയിലും മുന്‍കരുതലിലും ഒരു വീഴ്ചയും ഉണ്ടാകാന്‍ പാടില്ല. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയില്‍ കുറവു വരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നവര്‍ക്കും വില കൂട്ടി വില്‍ക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ജില്ലാ കലക്ടറെ അറിയിക്കണം. മരുന്നുകളുടെയും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധ വസ്തുക്കളുടെയും ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും.

വിവാഹം, ഉത്സവം തുടങ്ങി നിരവധിയാളുകള്‍ എത്തിച്ചേരുന്ന പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ ഹാളുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കാതിരിക്കുന്നത് അനഭിലഷണീയമായ പ്രവണതയാണ്. അങ്ങനെ പരാതിയുയര്‍ന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് പണം തിരികെ ലഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടലും ഉണ്ടാവണം. തൊഴിലില്ലാത്തതിനാല്‍ തെരുവുകളിലും മറ്റും കൂട്ടംകൂടി നില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്ക്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. വയോധികരുടെയും സാന്ത്വന ചികിത്സയിലുള്ളവരുടെയും സംരക്ഷണത്തിന് വലിയ ജാഗ്രത പുലര്‍ത്തണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ കൗണ്‍സലിംഗ് ആവശ്യമാണെങ്കില്‍ ലഭ്യമാക്കുന്നതിന് സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.