Connect with us

Kozhikode

സെൻസസ്: എൻ പി ആർ വിവരശേഖരണം നടത്തില്ലെന്ന് ഉറപ്പാക്കണം-കാന്തപുരം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സെൻസസ് പ്രവർത്തങ്ങളോടനുബന്ധിച്ച് എൻ പി ആർ വിവരശേഖരണം നടത്തില്ലെന്ന് നടപടിക്രമങ്ങളിലൂടെ ഉറപ്പാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.
സെൻസസ് പ്രവർത്തനങ്ങൾക്കിടെ എൻ പി ആർ വിവരശേഖരണം നടത്തില്ലെന്നാവർത്തിച്ച് അർഥ ശങ്കക്കിടയില്ലാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ചില ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെയും സർക്കാറിനെയും ഇക്കാര്യത്തിൽ തങ്ങൾ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുന്ന വേളയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുണ്ട്.

സെൻസസിനാവശ്യമായ 31 കാര്യങ്ങൾ അടങ്ങിയ ചോദ്യാവലി സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. പുറമെ ഇത് സംബന്ധിച്ച മൊബൈൽ ആപ്പ് സജ്ജമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ ശേഖരിക്കുന്ന വിവരങ്ങൾ തത്‌സമയം മൊബൈൽ വഴി കേന്ദ്ര സർവറുകളിലേക്ക് മാറ്റപ്പെടുമെന്നും മൊബൈൽ ആപ്പുകളിൽ എൻ പി ആറിന് ആവശ്യമായ ചില വിവരങ്ങൾ കൂടി ഉൾക്കൊള്ളുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും സെൻസസുമായി സഹകരിക്കുമ്പോൾ എൻ പി ആറുമായി നിസ്സഹകരണമാണ് തങ്ങളുടെ നിലപാടെന്നും കാന്തപുരം പറഞ്ഞു.
മൊബൈൽ ആപ്പിൽ നേരത്തേ പ്രസിദ്ധീകരിച്ച 31 ഇനങ്ങളിൽപ്പെടാത്ത യാതൊരു വിവരവും ശേഖരിക്കപ്പെടുകയില്ലെന്നും മൊബൈൽ ആപ്പ് വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ പ്രിന്റൗട്ട് ഓരോ വീട്ടുകാരനും ലഭ്യമാക്കണമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥരെ സെൻസസ് പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കുമ്പോൾ തന്നെ ഈ ഉദ്യോഗസ്ഥർ കേരള സർക്കാർ നയങ്ങൾക്കെതിരായി പ്രവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും അതുവഴി ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest