Connect with us

Kerala

ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ സന്യാസിയായ മോദിജിയുടെ കൈകളില്‍ സുരക്ഷിതം: അബ്ദുല്ലക്കുട്ടി

Published

|

Last Updated

കണ്ണൂര്‍ | അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ത്യയില്‍ എണ്ണവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ ഇതിനെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി രംഗത്ത്. വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്ന നികുതിപ്പണം ഒന്നും പാഴാകില്ലെന്നും രാഷ്ട്രീയ സന്യാസിയായ, സത്യസന്ധനായ മോദിയുടെ കൈകളില്‍ ഇതെല്ലാം ഭദ്രമാണെന്നാണ് അബ്ദുല്ലക്കുട്ടി പറയുന്നത്.

ഈ പണമെല്ലാം സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് വേഗം പകരുമെന്നും ഇത് ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സര്‍ക്കാര്‍ മുതല്‍ കട്ട് മുടിച്ച് സ്വീസ് ബേങ്കില്‍ നിക്ഷേപിക്കുന്ന ആരും മോദി സര്‍ക്കാറില്‍ ഇല്ല.രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചെന്നും അബ്ദുല്ലക്കുട്ടി പറയുന്നു.

അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ത്യ പെട്രോള്‍, ഡീസല്‍ തീരുവ കൂട്ടിയതാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. നിലവിലെ വില കൂടുന്നില്ലെങ്കിലും. 39000 കോടി രൂപ തീരുവയായി സര്‍ക്കാര്‍ ഖജനാവില്‍ എത്തും. അതെല്ലാം നരന്ദ്രമോദി സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് വേഗംപകര്‍ന്ന് ജനങ്ങളിലേക്കെത്തുകതന്നെ ചെയ്യും. നികുതിയുടെ പ്രധാന്യത്തെപ്പറ്റി ഭാരതീയരെ ലളിതമായി പറഞ്ഞ് പഠിപ്പിച്ചത് കവി കാളിദാസനാണ്. രഘുവംശത്തില്‍ദീലീപ മഹാരാജാവിന്റെ നികുതിയെ പറ്റി കവി വിവരിക്കുന്നത് ഇങ്ങനെയാണ്-

“രാജാവിന്റെ ടാക്സ് സൂര്യഭഗവാന്റെ പ്രവൃത്തി പോലെയാണ്
സൂര്യന്‍ ഭൂമിയിലെ ജലംനിരാവാക്കി
കാര്‍മേഘങ്ങള്‍ ഉണ്ടാക്കുന്നു
അത് മഴയെന്ന അനുഗ്രമായി ഭൂമിയിലേക്ക് പ്രജകളിലേക്ക് തിരിച്ചു
പെയ്തിറങ്ങുന്നു..”

നരേന്ദ്ര മോദിയുടെ നികുതികള്‍ ഇതുപോലെതന്നെയാണ് സ്വഛ് ഭാരത്, ഉജ്ജ്വല്‍ യോജന, ആവാസ് യോജന, കൃഷി സമ്മാന്‍ പദ്ധതി ….
ഇമ്മാതിരി 350 ലധികം ക്ഷേമ പദ്ധതികളായി ദാരിദ്ര ജനകോടികളിലെക്ക് എത്തിക്കുന്നു….
സര്‍ക്കാര്‍ മുതല്‍ കട്ട് മുടിച്ച് സ്വീസ് ബേങ്കില്‍ നിക്ഷേപിക്കുന്ന ആരും മോദി സര്‍ക്കാറില്‍ ഇല്ല
രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചു
അത് കൊണ്ട് ഈ നികുതി പണമെല്ലാം രാഷ്ട്രീയ സന്യാസിയായ സത്യസന്ധനായ മോദിജിയുടെ കൈകളില്‍ സുരക്ഷിതമാണ്
തീര്‍ച്ച ….