Connect with us

National

ഞങ്ങളുടെ എം എല്‍ എമാരെ രക്ഷപ്പെടുത്തൂ ആദ്യം; വിശ്വാസം തെളിയിക്കാന്‍ തയാര്‍: ഗവര്‍ണറോട് എം പി സി സി

Published

|

Last Updated

ഭോപ്പാല്‍ | ബെംഗളൂരുവിലും മറ്റും ബന്ധികളാക്കപ്പെട്ട കോണ്‍ഗ്രസ് എം എല്‍ എമാരെ മോചിപ്പിക്കുന്നതിന് ഇടപെടാന്‍ ഗവര്‍ണര്‍ തയാറാകണമെന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രസ്താവനക്ക് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എം പി സി സി)യുടെ പിന്തുണ. നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ തയാറാണെന്നും എന്നാല്‍, എം എല്‍ എമാരെ തിരിച്ചെത്തിക്കുന്നതിന് ഇടപെടുകയാണ് ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടതെന്നുമാണ് കമല്‍നാഥ് പറഞ്ഞിരുന്നത്. തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടണമെന്ന് മുഖ്യമന്ത്രിക്ക് ശനിയാഴ്ച അര്‍ധരാത്രി നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ കത്തിലെ ആവശ്യം ഭാഗികമായി പരാമര്‍ശിക്കുന്നതിനു പകരം എം എല്‍ എമാരെ ബി ജെ പി നേതാക്കളുടെ തടവില്‍ നിന്ന് മോചിപ്പിക്കാനുള്ള ഇടപെടലാണ് ഗവര്‍ണര്‍ നടത്തേണ്ടതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് അഭയ് ദുബെ പറഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബന്ദികളായിരിക്കെ എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുകയെന്ന് അദ്ദേഹം ചോദിച്ചു.