Connect with us

Articles

നീതിപീഠത്തിലെ ഇരുളും വെളിച്ചവും

Published

|

Last Updated

ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയിലെ തലമുതിര്‍ന്ന ന്യായാധിപനാണ്. സീനിയോരിറ്റിയില്‍ മൂന്നാമന്‍. കൊളീജിയത്തിലെ അഞ്ചംഗങ്ങളില്‍ ഒരാള്‍. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാല്‍ പിന്നെ ആരാണ് വിലങ്ങിടുക. ആന്തരിക ജീര്‍ണതകള്‍ പരമോന്നത നീതിന്യായ സ്ഥാപനത്തില്‍ പലപ്പോഴായി ചെളി തെറിപ്പിക്കാറുണ്ട്. അതിന്റെ ഇങ്ങേയറ്റത്ത് ജസ്റ്റിസ് അരുണ്‍ മിശ്രയെ നാം ഇപ്പോള്‍ കാണുന്നു.

കഴിഞ്ഞ ഫെബ്രുവരി 22, 23 തീയതികളില്‍ അന്തര്‍ദേശീയ നീതിന്യായ സമ്മേളനത്തിന് സുപ്രീം കോടതി ആതിഥേയത്വം വഹിക്കുകയുണ്ടായി. “നീതിന്യായ സംവിധാനവും മാറുന്ന ലോകവും” എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. ഇരുപതില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള ന്യായാധിപര്‍ പങ്കെടുത്തതില്‍ ആസ്‌ത്രേലിയയിലെ ചീഫ് ജസ്റ്റിസും ബ്രിട്ടന്‍ സുപ്രീം കോടതി പ്രസിഡന്റും ഉള്‍പ്പെടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലെ നന്ദിവാചകത്തിലാണ് പ്രമുഖരെ സാക്ഷിനിര്‍ത്തി ജനാധിപത്യ ഇന്ത്യയെ നാണിപ്പിക്കുന്ന വിധത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര മോദി സ്തുതി ചൊരിഞ്ഞത്. സുപ്രീം കോടതി ജഡ്ജി പരസ്യമായി എക്്‌സിക്യൂട്ടീവിന്റെ തലവന്റെ വാഴ്ത്തുപാട്ട് പാടുമ്പോള്‍ അവഹേളിക്കപ്പെടുന്നത് ഭരണഘടനയാണ്. ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനുമിടയില്‍ കൃത്യമായ അധികാര വിഭജനം ഉറപ്പുവരുത്തിയിട്ടുണ്ട് നമ്മുടെ ഭരണഘടന. അത് ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗവുമാണ്. ഈ അധികാര വിഭജനം തന്നെ നീതിന്യായ സ്വാതന്ത്ര്യത്തിന് ഗ്യാരന്റി നല്‍കുന്നുണ്ട്. ജുഡീഷ്യറി സ്വതന്ത്രവും നിര്‍ഭയവുമായെങ്കില്‍ മാത്രമേ നിയമ വാഴ്ച സാധ്യമാകുകയുള്ളൂ. നീതിന്യായ സ്വാതന്ത്ര്യത്തെ തമ്പ്രാനു മുമ്പില്‍ അടിയറ വെക്കുന്ന കെട്ടകാലത്ത് എല്ലാ തലകള്‍ക്കും മീതെ നിയമം പറക്കുമെന്ന് ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ എങ്ങനെ വിശ്വസിക്കും.

ഭരണഘടനാ കോടതികളിലെ ന്യായാധിപരുടെ കാലാവധിയും സേവന വ്യവസ്ഥകളും ഭരണഘടന തന്നെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്താന്‍ കൂടിയാണത്. എന്നാല്‍ ഭരണഘടനാ ദത്തമായ നീതിന്യായ സ്വാതന്ത്ര്യത്തിന്റെ മറുതലക്കല്‍ കര്‍ത്തവ്യ നിര്‍വഹണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അധ്യായങ്ങളുമുണ്ട്. അത്തരം പാഠങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെപ്പോലുള്ളവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
ന്യായാധിപര്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ട് രാജ്യത്ത്. ജുഡീഷ്യല്‍ എത്തിക്‌സുകളെ വാറോലകളായി കണ്ട് തോന്നിയത് പാടുന്ന ജഡ്ജിമാര്‍ ലോകത്തെ വലിയ ജനാധിപത്യ ഭരണക്രമത്തിന് ചെറുതല്ലാത്ത കളങ്കമാണ് വരുത്തുന്നത്. 1997 മെയ് ഏഴിന് സുപ്രീം കോടതി ഫുള്‍ കോര്‍ട്ട് അംഗീകരിച്ച ചാര്‍ട്ടര്‍ (റീസ്റ്റേറ്റ്‌മെന്റ് ഓഫ് വാല്യൂസ് ഓഫ് ജുഡീഷ്യല്‍ ലൈഫ്) ന്യായാധിപരെ വഴിനടത്തേണ്ട ചട്ടക്കൂടാണ്. കൂടാതെ ഇവ്വിഷയകമായി സുപ്രീം കോടതിയുടെ നിരവധി വിധിപ്രസ്താവങ്ങളും കാണാം.

ന്യായാധിപര്‍ ഉന്നത മൂല്യങ്ങള്‍ക്കായുള്ള സ്വയം ശിക്ഷണം നടത്തണമെന്ന് 2005ല്‍ ധരക് സിംഗ് കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചതാണതില്‍ ശ്രദ്ധേയം.
മാപ്പര്‍ഹിക്കാത്ത പിഴവാണ് ജസ്റ്റിസ് അരുണ്‍ മിശ്രക്ക് പിണഞ്ഞത് എന്നതില്‍ പക്ഷാന്തരമില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മോദി പ്രശംസയെ വിമര്‍ശിച്ച് മുന്‍ ന്യായാധിപരടക്കമുള്ളവര്‍ രംഗത്തെത്തിയത്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ തുടങ്ങി വിവിധ ഹൈക്കോടതി ബാര്‍ അസോസിയേഷനുകള്‍ സുപ്രീം കോടതി ജഡ്ജിയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടത്തെയും രാഷ്ട്രീയക്കാരെയും പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വരുന്നത് കുഞ്ചിക സ്ഥാനങ്ങള്‍ മനസ്സില്‍ താലോലിച്ചുകൊണ്ടോ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനോ ആയിരിക്കാം. എന്നാല്‍ നീതിപീഠത്തിന്റെ വിശ്വാസ്യതക്ക് അങ്ങേയറ്റം പോറലേല്‍പ്പിക്കുന്ന പ്രവൃത്തിയാണത്.

ഡല്‍ഹി ഹൈക്കോടതിയിലെ 14 വര്‍ഷത്തെ സേവനത്തിനൊടുവില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് വിവാദ സ്ഥലംമാറ്റത്തിന് വിധേയനായ ജസ്റ്റിസ് ഡോ. എസ് മുരളീധറിന്റെ വിടവാങ്ങല്‍ ചടങ്ങ് ഭരണഘടന മുറുകെ പിടിച്ച് നീതിബോധം കൈവിടാത്ത ന്യായാധിപര്‍ക്കുള്ള അംഗീകാരമായിരുന്നു. ഒപ്പം നീതിമാന്‍മാരായ ന്യായാധിപര്‍ക്ക് നിയമ രംഗത്തും കോടതികളില്‍ വിശ്വാസമര്‍പ്പിക്കുന്ന രാജ്യത്തെ പരശ്ശതം ജനങ്ങളുടെ ഹൃദയങ്ങളിലും ഇളകാത്ത സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതുമായിരുന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് എസ് മുരളീധറിന്റെ വിടവാങ്ങല്‍ പരിപാടിയുടെ കടിഞ്ഞാണ്‍ പിടിച്ച ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നും അങ്ങനെ ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

ഡല്‍ഹി വംശഹത്യയിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി ജെ പി നേതാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഇരകള്‍ക്ക് സഹായമെത്തിക്കാനും അതിവേഗം ഉത്തരവിട്ട ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയായിരുന്നു. സ്ഥലംമാറ്റപ്പെടുന്ന ജഡ്ജിമാര്‍ക്ക് പുതിയ ചാര്‍ജെടുക്കാന്‍ സാധാരണ നിലയില്‍ 15 ദിവസ കാലാവധി ഉണ്ടാകാറുണ്ട്. എന്നാല്‍ സ്വിച്ചിടുന്ന വേഗത്തില്‍ സ്ഥലം മാറ്റിയ നടപടി പൗരന്‍മാരുടെ ജനാധിപത്യ ബോധത്തിന് നേരെ കൊഞ്ഞനം കുത്തുന്നതാണ്. പൈശാചിക വംശഹത്യയിലേക്ക് നയിച്ച കൊലവിളി പ്രസംഗം നടത്തിയവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ചെറുവിരല്‍ അനക്കിയില്ല. ബി ജെ പിയും സര്‍ക്കാറും ഒന്നും പ്രതികരിച്ചില്ല. ആഭ്യന്തര മന്ത്രാലയവും നിഷ്‌ക്രിയമായി. പക്ഷേ നിയമ മന്ത്രാലയം മാത്രം പ്രതികരിച്ചു. അത് ജസ്റ്റിസ് ഡോ. എസ് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു എന്നുമാത്രം. വിവേചനങ്ങളില്ലാതെ പൗരന്റെ സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍ എത്ര ഉദാസീനമായാണ് ഭരണഘടനയെയും രാജ്യത്തെയും കബളിപ്പിക്കുന്നത്. രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്ന ഭീതി നിറഞ്ഞ നാളുകളെ വായിക്കാന്‍ ഡല്‍ഹി വംശഹത്യ തന്നെ മതിയാകും.

കോടതികള്‍ ജനാധിപത്യ ഇടങ്ങളാകണം. പാവങ്ങള്‍ക്കു വേണ്ടിയുള്ള ഗാന്ധിയന്‍ തത്വങ്ങളും ഭരണഘടനാ ധാര്‍മികതക്കു വേണ്ടി അംബേദ്കര്‍ രൂപപ്പെടുത്തിയ മൂല്യങ്ങളുമാണ് തന്റെ രീതിശാസ്ത്രമെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് എസ് മുരളീധര്‍ പറയുകയുണ്ടായി. ഗാന്ധിയുടെ അന്ത്യോദയയും അംബേദ്കര്‍ വരച്ചിട്ട ഭരണഘടനാ ധാര്‍മികതയും സമം ചേര്‍ന്ന നീതിന്യായ സ്ഥാപനങ്ങള്‍ പൗരാവകാശങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകും എന്നതിന് തെളിവാണ് ജസ്റ്റിസ് എസ് മുരളീധറെങ്കില്‍ വര്‍ത്തമാനകാല ഇന്ത്യ തേടുന്നതും അതാണ്. അങ്ങനെ വരുമ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലെ വിടവാങ്ങല്‍ ചടങ്ങില്‍ ഒത്തുകൂടിയ ന്യായാധിപരും അഭിഭാഷകരും നിയമ മേഖലയില്‍ നിന്നുള്ള മറ്റു പ്രമുഖരും പ്രത്യാശ നിറഞ്ഞ ഒരു ചിത്രമാണ് നമുക്ക് നല്‍കുന്നത്.

അഡ്വ. അഷ്‌റഫ് തെച്യാട്
ashrafthd@gmail.com