കോവിഡ് 19: ‘ആ മലയാളി ഞാനാണ്’; അനുഭവങ്ങള്‍ പങ്കുവെച്ച് സ്വദഖത്തുല്ല

Posted on: March 12, 2020 11:16 pm | Last updated: March 12, 2020 at 11:49 pm

 

റിയാദ് | കോവിഡ് 19 സംശയിച്ച് സഊദിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മലയാളി അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. 14 ദിവസം ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മലപ്പുറം സ്വദേശിയായ സ്വദഖത്തുല്ലയാണ് ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പിട്ടത്. രോഗബാധിതനല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ സഊദി ആരോഗ്യ മന്ത്രാലയം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

സ്വദഖത്തുല്ലയുടെ ഫേസ്ബുക്ക് പോസ്റ്റ്

അസര്‍ബൈജാന്‍ യാത്രയും കൊറോണ വൈറസ് നിരീക്ഷണ കേന്ദ്രത്തിലെ വിശ്രമവും

ഫെബ്രുവരി 26 നാണു ഞാന്‍ അസര്‍ബൈജാനില്‍ നിന്നും റിയാദില്‍ തിരിച്ചെത്തിയത് ബാകുവില്‍ നിന്നും നേരിട്ട് റിയാദില്‍ വന്നിറങ്ങിയ സമയത്ത് എയര്‍പോര്‍ട്ടില്‍ കൊറോണ വൈറസ് ചെക്കിങ്ങുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ആ സമയത്ത് അസര്‍ബൈജാനില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്തത്കൊണ്ടായിരിക്കണം ചെക്കിങ്ങുകള്‍ക്കൊന്നും വിധേയമാക്കാതെ ഞങ്ങളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത്.

വന്നതിനു പിറ്റേ ദിവസം ജോലിക്കു കയറി. രോഗങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടും സന്ദര്‍ശിച്ച രാജ്യത്തു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ടും ഇങ്ങിനെ ഒരു സാഹചര്യത്തെ കുറിച്ച് ചിന്തയില്‍ പോലും വന്നിട്ടില്ലായിരുന്നു. ഫെബ്രുവരി 28 നു രാത്രി സഊദി മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ ഓഫീസില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. ലാസ്റ്റ് വീക്കില്‍ എങ്ങോട്ടാണ് യാത്ര ചെയ്തതെന്നും അസുഖങ്ങള്‍ ഒന്നും ഇല്ലല്ലോ എന്നും അന്വേഷിച്ചുകൊണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ 937 എന്ന അവരുടെ നമ്പറില്‍ ബന്ധപ്പെടാന്‍ പറഞ്ഞു കൊണ്ട് ഫോണ്‍ കട്ട് ചെയ്തു.

ഫെബ്രുവരി 29 ന് ഉച്ചക്ക് മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ റിയാദ് ഓഫീസില്‍ നിന്നും വീണ്ടും ഒരു ഫോണ്‍. താമസിക്കുന്ന സ്ഥലവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം വൈകീട്ട് ഒരു ഓഫീസര്‍ കാണാന്‍ വരുമെന്ന് പറഞ്ഞു. അന്ന് വൈകീട്ട് തന്നെ ഒരു ഓഫീസര്‍ വന്നു നേരിട്ട് സംസാരിച്ചു. രോഗങ്ങള്‍ ഒന്നും ഇല്ല എന്നുറപ്പുവരുത്തി തിരിച്ചു പോയി. പിന്നീട് വിളികള്‍ ഒന്നും വരാതിരുന്നപ്പോള്‍ ആ അന്വേഷണം അവിടെ കഴിഞ്ഞെന്നു കരുതി.

മാര്‍ച്ച് 5 രാത്രി 11 മണിക്ക് റിയാദ് എക്‌സിറ്റ് അഞ്ചില്‍ ഉള്ള പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍കോള്‍ താങ്കള്‍ ലാസ്റ്റ് വീക്ക് യാത്ര ചെയ്തു വന്നപ്പോള്‍ താങ്കളുടെ വിരലടയാളം പതിഞ്ഞതില്‍ വ്യക്തതയില്ല എന്നും അതുകൊണ്ടു ഈ ഓഫീസില്‍ വന്നു അത് ഇപ്പോള്‍ തന്നെ ശരിയാക്കണം എന്നും പറഞ്ഞു.
ഉടനെ സ്‌പോണ്‍സര്‍ അവര്‍ തന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കൊറോണ വൈറസ് ബാധ ഉണ്ടോ എന്ന് ചെക്ക് ചെയ്യുവാന്‍ വേണ്ടി മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ ഒരു വിംഗ് ഇവിടെ ഉണ്ടെന്നും അവര്‍ പരിശോധനക്ക് വിദേയമാക്കാന്‍ ആണ് വിളിക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു. ഉടനെ ഞങ്ങള്‍ അവരുടെ ഓഫീസില്‍ ചെന്നു. അവിടെ നിന്നും അവര്‍ താത്കാലികമായി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും സാമ്പിള്‍ ടെസ്റ്റിനു അയച്ചു അസുഖങ്ങള്‍ ഒന്നും ഇല്ല എങ്കില്‍ രാജ്യത്ത് പ്രവേശിച്ചത് തൊട്ട് 14 ദിവസം കഴിയുമ്പോള്‍ നിങ്ങളെ പുറത്തേക്കു വിടുമെന്നും അറിയിച്ചു.

അങ്ങിനെ അന്ന് രാത്രി തന്നെ അല്‍ദിരിയ ഹോസ്പിറ്റലില്‍ സജ്ജീകരിച്ച അവരുടെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു.കൊണ്ടുപോകുമ്പോള്‍ കുറച്ചു ഭയമുണ്ടായിരുന്നു. എവിടേക്കാണ്, എന്ത് ചുറ്റുപാടിലേക്കാണ് മാറ്റുന്നത് എന്നറിയില്ലല്ലോ. അവിടെ എത്തിയപ്പോള്‍ അത് പൂര്‍ണ്ണമായും മാറി. ഒരു ഹോട്ടല്‍ ഫെസിലിറ്റിയോട് കൂടിയ അക്കോമഡേഷന്‍ ആയിരുന്നു അത്. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ഒന്നിനും നിയന്ത്രണമില്ലാത്ത ഒരിടം. വന്ന ഉടനെ സാമ്പിളുകള്‍ എടുത്ത് ടെസ്റ്റിനയച്ചു. കൊറോണ റിപ്പോര്‍ട് ചെയ്ത രാജ്യങ്ങളില്‍ വിസിറ്റ് ചെയ്ത സ്വദേശികളും വിദേശികളും എല്ലാം അവിടെ ഉണ്ടായിരുന്നു. ആരും തന്നെ രോഗബാധിധര്‍ അല്ലായിരുന്നു. നിരീക്ഷണാടിസ്ഥാനത്തില്‍ മാത്രം മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ ആയിരുന്നു എല്ലാവരും.

പിറ്റേന്നു തന്നെ ടെസ്റ്റ് റിസള്‍ട്ട് വന്നു. കുഴപ്പങ്ങള്‍ ഒന്നും ഇല്ല. എങ്കിലും നിയമപ്രകാരം രാജ്യത്ത് പ്രവേശിച്ചത് തൊട്ടു 14 ദിവസം ഇവിടെ താമസിക്കണം. മികച്ച സൗകര്യങ്ങളാണ് നിരീക്ഷണ മുറികളില്‍ സജ്ജീകരിച്ചിട്ടുളളത്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ പ്രത്യേകിച്ച് ചികിത്സകളൊന്നും ഇല്ല. സമയാ സമയങ്ങളില്‍ എത്തിച്ചു തരുന്ന ഭക്ഷണവും കഴിച്ചു മറ്റൊന്നും ചെയ്യാനില്ലാതെ ഉറങ്ങിയും സൊറ പറഞ്ഞിരുന്നും ദിവസങ്ങള്‍ കഴിച്ചുകൂട്ടി. അങ്ങിനെ 14 ദിവസം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് അവിടെ നിന്നും പുറത്തിറങ്ങിയത്.

കൊവിഡിനെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന മുന്‍കരുതല്‍ തീര്‍ച്ചയായും കുറ്റമറ്റതാണെന്ന കാര്യത്തില്‍ സംശയമില്ല. വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ നിര്‍ബന്ധമായും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് നിരീക്ഷണത്തിന് തയ്യാറാവണമെന്നാണ് പറയാനുളളത്.

വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ഇവിടെ സ്ഥിര താമസം ഉള്ളവരോ എന്തെങ്കിലും രോഗസംശയം തോന്നിയാല്‍ 937 ലേക്ക് വിളിച്ചു കാര്യങ്ങള്‍ ബോദിപ്പിക്കുക. അതൊരു സാമൂഹ്യ ദൗത്യം കൂടിയാണ്.