Connect with us

Covid19

കൊവിഡ് 19: ഇന്ത്യയില്‍ ആദ്യ മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു

Published

|

Last Updated

ബംഗളൂരു | ഇന്ത്യയില്‍ ആദ്യ കൊറോണ മരണം കര്‍ണാടകയില്‍. കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദീഖി (76) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹൈദരാബാദിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇന്ന് സ്രവ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 29നാണ് അദ്ദേഹം സഊദിയില്‍ നിന്ന് കല്‍ബുര്‍ഗില്‍ എത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തിന് ആ സമയം രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മാര്‍ച്ച് ആറിന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് മാര്‍ച്ച് ഒന്‍പതിന് വീണ്ടും അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സ്രവ പരിശോധന നടത്തിയത്. ബംഗളൂരു മെഡിക്കല്‍ കോളജിലാണ് പരിശോധന നടത്തിയത്. കല്‍ബുര്‍ഗിയില്‍ നിന്ന് സാമ്പിള്‍ ഇവിടെ എത്തിക്കാന്‍ 48 മണിക്കൂര്‍ എടുത്തു. ഇതിനിടയില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബംഗളൂരുവില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് ഇന്നാണ് ലഭിച്ചത്. ഇതിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഹുസെെൻെറ മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. കൊവിഡ് 19 ബാധിച്ച് മരിച്ചാൽ സംസ്കരണത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചായിരിക്കും സംസ്കാരം എന്നാണ് റിപ്പോർട്ടുകൾ.

കൊറോണെ സംശയിച്ച് കല്‍ബുര്‍ഗിയില്‍ ഐസ്വലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് പേരില്‍ ഒരാളാണ് മരിച്ച ഹുസൈന്‍ സിദ്ദീഖി. ചികിത്സയില്‍ കഴിയുന്ന മറ്റെയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായാണ് സൂചന.




കര്‍ണാടകിയില്‍ ഇതുവരെ അഞ്ചുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഐടി ജീവനക്കാരാണ്. വിദേശത്ത് നിന്ന് ബംഗളൂരു വിമാനത്താവളം വഴി എത്തിയവരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് 74 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.

Latest