Connect with us

Kerala

തപസ്സ് ആര് ചെയ്താലും ഭയം ഇന്ദ്രനാണ്; ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി

Published

|

Last Updated

തിരുവനന്തപുരം |  ആരോഗ്യമന്ത്രി ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്നും മീഡിയ മാനിയയാണ് മന്ത്രിക്കെന്നും ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഹിന്ദു പുരാണ കഥാപാത്രത്തെ ഉദ്ദരിച്ച് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള ചില പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് ആര് തപസ്സ് ചെയ്താലും തന്റെ സ്ഥാനം തെറിക്കുമോയെന്ന ഇന്ദ്രന്റെ ഭയമാണെന്നും പിണറായി പരിഹസിച്ചു. ആര് തപസ്സ് ചെയ്യുമ്പോഴും ഇന്ദ്രപദം കൈവശപ്പെടുത്താനായി ശക്തി സമാഹരിക്കാനാണ് തപസ്സെന്നാണ് ഇന്ദ്രന്റെ പേടി. ഏകദേശം ആ ഒരു അവസ്ഥയില്‍ ചില ആളുകള്‍ എത്തിച്ചേര്‍ന്നതായാണ് കാണുന്നത്.

കൊവിഡ് പ്രശ്‌നം കൈകാര്യം ചെയ്യുന്നത് മൂലം സര്‍ക്കാറിന്റെ യശസ്സ് കൂടിപ്പോകുമോ എന്ന് ഇക്കൂട്ടര്‍ ഭയക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ 16ന് വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗം നടത്തണമോ എന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വിഷയത്തില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട പ്രതിപക്ഷത്തിന്റെ ഇത്തരം വിമര്‍ശനങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ അതിനു മുന്നില്‍ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്?. ആളുകളെ രോഗത്തിലേക്ക് തള്ളിവിടുകയാണോ സര്‍ക്കാര്‍ ചെയ്യേണ്ടത്?. നിങ്ങളേത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്? ഇതെല്ലാം നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍?. ആ മനുഷ്യന്റെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

Latest