Connect with us

Covid19

കൊവിഡ് 19 ലക്ഷണങ്ങളോടെ രോഗി എത്തിയത് ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഡോക്ടറെ സ്വകാര്യ ക്ലിനിക്ക് പുറത്താക്കി

Published

|

Last Updated

തൃശൂര്‍ | കൊവിഡ് 19 ലക്ഷണങ്ങളുമായി രോഗി എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ ഡോക്ടറുമായ ഷിനു ശ്യാമളനെയാണ് തൃശൂര്‍ തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നിന്ന് പിരിച്ചുവിട്ടത്. കോവിഡുമായി ബന്ധപ്പെട്ട് ഭീതി പരത്തിയെന്നതാണ് ഡോക്ടര്‍ക്കെതിരെ മാനേജ്‌മെന്റ് ഉന്നയിച്ചിരിക്കുന്ന കുറ്റം. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രസക്തമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയ ഡോക്ടറാണ് ഷിനു ശ്യാമളന്‍.

കൊവിഡ് 19 വൈറസ് സംശയിക്കുന്ന രോഗി ക്ലിനിക്കില്‍ പരിശോധനക്കെത്തിയതും ഖത്തറിലേക്ക് പോയതുമെല്ലാം വിശദീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഷിനു ശ്യാമളന്‍ ആരോപിച്ചു. കോവിഡ് 19 സംശയിക്കുന്നയാള്‍ വന്നുവെന്ന് പുറത്തു പറഞ്ഞാല്‍ ഇനിയാരെങ്കിലും ക്ലിനിക്കിലേക്കു വരുമോ എന്ന് ഉടമ ചോദിച്ചതെന്നും ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞെന്നും ഷിനു പറഞ്ഞു. രോഗിയുടെയോ ക്ലിനിക്കിന്റെയോ ഒരു വിശദാംശവും വെളിപ്പെടുത്തിയിട്ടില്ലെന്നും തന്റെ കടമയാണ് നിര്‍വഹിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇനിയും ആ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കും.

രോഗിയെ ഖത്തറിലേക്ക് വിട്ടവര്‍ക്ക് യാതൊരു കുഴപ്പവുമില്ല. എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. എന്തൊരു നാടാണിതെന്ന് എഫ് ബിയില്‍ നല്‍കിയ കുറിപ്പില്‍ അവര്‍ ചോദിച്ചു.