Connect with us

Covid19

ബംഗാളില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചത് കൊവിഡ്-19 ബാധിച്ചല്ലെന്ന് സ്ഥിരീകരണം

Published

|

Last Updated

കൊല്‍ക്കത്ത/ബെര്‍ഹാംപുര്‍ | പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചത് കൊവിഡ്-19 ബാധിച്ചല്ലെന്ന് സ്ഥിരീകരണം. സഊദി അറേബ്യയില്‍ നിന്ന് മുംബൈ വഴി സ്വദേശമായ മുര്‍ഷിദാബാദില്‍ മടങ്ങിയെത്തിയ 33കാരനാണ് കൊവിഡ്-19 ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ സ്രവത്തിന്റെ സാമ്പിള്‍ നെഗറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

സഊദിയിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ശനിയാഴ്ച കൊല്‍ക്കത്തയില്‍ എത്തിയ ശേഷം ഇവിടെ നിന്ന് 200 കിലോമീറ്റര്‍ വടക്കുള്ള മുര്‍ഷിദാബാദിലേക്കു പോവുകയായിരുന്നു. ഞായറാഴ്ച അസ്വസ്ഥത അനുഭവപ്പെടുകയും മോഹാലസ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് യുവാവിനെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ യാത്ര ചെയ്ത രാഷ്ട്രങ്ങളുടെ പട്ടിക പരിശോധിച്ച ആശുപത്രി അധികൃതര്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ വെക്കുകയായിരുന്നു.

“യുവാവിന്റെ മരണം കൊറോണ ബാധ മൂലമല്ല. ഇയാള്‍ പ്രമേഹ രോഗിയായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വലിയതോതില്‍ ഉയര്‍ന്നതാകാം മരണകാരണം.”- പശ്ചിമ ബംഗാള്‍ ആരോഗ്യ മേഖലാ ഡയറക്ടര്‍ അജയ് ചക്രബര്‍ത്തി അറിയിച്ചു.