Connect with us

Covid19

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കും- മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തതായും മന്ത്രി പറഞ്ഞു. ജനങ്ങളില്‍ ജാഗ്രതയുണ്ടാക്കുന്നതിന് ബോധവത്കരണം ശക്തമാക്കും. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലനിര്‍ത്തുംമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിരവധി രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ മൂന്ന് ഷിഫ്ടായി പരിശോധന ശക്തിപ്പെടുത്തും. നേരിട്ട് ബന്ധമുള്ളവരെ കൂടുതല്‍ നിരീക്ഷണത്തില്‍ വയ്ക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 411 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 388 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 12 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച പുതുതായി 130 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംശയാസ്പദമായവരുടെ 520 സാമ്പിളുകള്‍ എന്‍ ഐ വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 494 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇതുവരെ 4379 പേരെ നിരീക്ഷണത്തിലാക്കി. അതില്‍ 3968 പേരേയും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തിലുമാണ് ജാഗ്രത ശക്തമാക്കുന്നത്. നിരീക്ഷണം ശക്തമായി തുടരണമെന്ന മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.ആരും മരണപ്പെടാതിരുന്നത് ജനങ്ങളുടെ നല്ല സഹകരണം ഉള്ളതുകൊണ്ടാണ്. കൊറോണ ബാധിത പ്രദേശത്ത് നിന്ന് വന്നവര്‍ സ്വമേധയാ മുന്നോട്ട് വരണം. എല്ലാവരും സഹകരിച്ചാല്‍ സംസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നമാകാതെ നമുക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ സാധിക്കും. 28 ദിവസത്തെ നിരീക്ഷണത്തിന് സ്വയം സന്നദ്ധരാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.