Connect with us

Kerala

ദേവനന്ദക്കായി പ്രത്യേക അന്വേഷണ സംഘം; സൈബര്‍ വിദഗ്ദര്‍ സംഘത്തില്‍

Published

|

Last Updated

കൊല്ലം | കൊല്ലം നെടുമണ്‍കാവ് ഇളവൂരില്‍ പ്രദീപ് ധന്യ-ദമ്പതികളുടെ മകളായ ആറ് വയസുകാരി ദേവനന്ദയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ചാത്തന്നൂര്‍ എ സി പിക്കാണ് അന്വേഷണ ചുമതല. 50 അംഗ സംഘത്തില്‍ ശാസ്ത്ര, സൈബര്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി. കുട്ടിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.

കുട്ടിയെ കാണാതായ വിവരം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി. മുഴുവന്‍ ബസ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടക്കുന്നു. റോഡുകളില്‍ വാഹന പരിശോധനയും ഊര്‍ജിതമാക്കി. സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

വീട്ടുമുറ്റത്തെ കളിച്ച് കൊണ്ടിരിക്കെ ഇന്ന് രാവിലെ 10.15 ഓടെയാണ് ദേവനന്ദയെ കാണാതായത്. പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരുമെല്ലാം ചേര്‍ന്നുള്ള തിരച്ചില്‍ രാത്രിയിലും തുടരുകയാണ്. കുട്ടിയുടെ മാതാവ് ധന്യ മാത്രമായിരുന്നു കാണാതാകുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ധന്യ വീടിന് പുറകില്‍ തുണി അലക്കി തിരിച്ചുവരുമ്പോള്‍ കുട്ടിയെ കാണാതായതായി അറിയുകയായിരുന്നു. ഉടന്‍ തന്നെ വീട്ട് പരിസരത്തും മറ്റു തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്റെ നൂറുമീറ്റര്‍ അകലെയള്ള പുഴയില്‍ അഗ്നിശമന വിഭാഗവും നാട്ടുകാരും അഞ്ച് മണിക്കൂറോളം തിരച്ചില്‍ നടത്തി. ഇതിനിടെ പോലീസും ഡോഗ് സ്‌ക്വാഡുമെല്ലാം സ്ഥലത്തെത്തി തിരച്ചിലില്‍ പങ്കാളികളായി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പോലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പോലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതിനിടെ കുട്ടിയെ കിട്ടിയതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. നിരവധി പേര്‍ പങ്കുവെച്ച ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.