Connect with us

Educational News

കെ എ എസ് ആദ്യ ബാച്ചിലേക്കുള്ള പ്രാഥമിക പരീക്ഷ; 1535 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷത്തിലധികം പേര്‍ പരീക്ഷയെഴുതും

Published

|

Last Updated

തിരുവനന്തപുരം | ഐ എ എസ് മാതൃകയിൽ സംസ്ഥാന സർക്കാറിന്റെ പ്രഥമ സംരംഭമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് തസ്തികയുടെ ആദ്യ ബാച്ചിന്റെ പ്രാഥമിക എഴുത്തുപരീക്ഷ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഇന്ന് നടക്കും. ആദ്യ പേപ്പർ രാവിലെ പത്തിനും രണ്ടാം പേപ്പർ ഉച്ചക്ക് 1.30നും ആരംഭിക്കും. സംസ്ഥാനത്തുടനീളം 1,535 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷിച്ചവരിൽ 3,84,661 ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ആദ്യ പരീക്ഷക്കായി രാവിലെ 9.45നും രണ്ടാം പരീക്ഷക്ക് 1.15 നും പരീക്ഷാ കേന്ദ്രത്തിലെത്തണമെന്ന് ഉദ്യോഗാർഥികളോട് നിർദേശിച്ചിട്ടുണ്ട്. പത്തിനും 1.30 നുമുള്ള ബെല്ലിനുശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാ ഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ അനുവദിക്കൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ് ഉൾപ്പെടെയുള്ള വസ്തുക്കൾ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest