Connect with us

National

അഞ്ചിന പദ്ധതികള്‍ക്ക് പ്രഥമ പരിഗണന; കെജ്‌രിവാള്‍ സര്‍ക്കാര്‍ മൂന്നാം ഇന്നിംഗ്‌സ് തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ മൂന്നാവൂഴവുമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത കെജ്‌രിവാളും മറ്റ് ആറ് മന്ത്രിമാരും ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റു. അഞ്ച് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനാണ് മൂന്നാം ഇന്നിംഗ്‌സില്‍ എ എ പി സര്‍ക്കാന്‍ പ്രാമുഖ്യം നല്‍കുന്നത്.

ദേശഭക്തി കരിക്കുലം
വിദ്യാഭ്യാസ മേഖലയില്‍ ദേശഭക്തി കരിക്കുലം കൊണ്ടുവരികയെന്നതാണ് ഇതില്‍ ആദ്യത്തെത്. ദേശഭക്തരായ പൗരന്മാരെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ട് മുഴുവന്‍ സ്‌കൂളുകളിലും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമെന്ന് 2019ല്‍ കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എ എ പിയുടെ പ്രകടന പത്രികയിലും ഇത് ഉള്‍പ്പെടുത്തിയിരുന്നു. 2020 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ അക്കാദമിക വര്‍ഷത്തില്‍ പുതിയ പദ്ധതി നടപ്പിലാക്കാനാണ് നീക്കം.

വീട്ടുവാതില്‍ക്കല്‍ റേഷന്‍
റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അവശ്യ വസ്തുക്കള്‍ വീട്ടുവാതില്‍ക്കല്‍ എത്തിച്ചു നല്‍കുന്നതാണ് പദ്ധതികളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. ഇത് കുറഞ്ഞ മാസങ്ങള്‍ കൊണ്ട് നടപ്പിലാക്കും. ലെഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും ഉ്‌ദ്യോഗസ്ഥന്മാരും തമ്മിലുള്ള തര്‍ക്കത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്ന പദ്ധതിക്ക് ഇപ്പോള്‍ ആവശ്യമായ എല്ലാം ക്ലിയറന്‍സും ലഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വായു മലിനീകരണം പരിഹരിക്കാനുള്ള പദ്ധതി
നഗരത്തില്‍ രൂക്ഷമായ വായു മലിനീകരണത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഏപ്രില്‍ മുതല്‍ ആരംഭിക്കും. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇന്ത്യാ ഗേറ്റിനു സമീപത്തുള്ള നിരീക്ഷണ കേന്ദ്രത്തില്‍ ആവശ്യമായ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. വായു മലിനീകരണത്തിന്റെ കാരണം ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ നാലു മണിക്കൂര്‍ ഇടവിട്ട് ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര
വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുന്നതിനായി പരിപാടിയും മൂന്നു മാസത്തിനകം സര്‍ക്കാര്‍ നടപ്പിലാക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പത്തിന ഗ്യാരണ്ടി കാര്‍ഡില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

ഗതാഗതം സുഗമമാക്കല്‍
നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ പോലീസുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും. ഡല്‍ഹിയിലാകെ വാഹനങ്ങളുടെ വേഗപരിധി പരിഷ്‌കരിക്കും. വിദഗ്ധന്മാരുടെ സഹായത്തോടെ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് റോഡുകള്‍ പുനര്‍ രൂപകല്‍പന ചെയ്യും.

ഇതിനെല്ലാം പുറമെ മൊഹല്ല ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം ചുരുക്കല്‍ എന്നിവയും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ ഭരണ കാലത്ത് 1000 മൊഹല്ല ക്ലിനിക്കുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 400 എണ്ണം മാത്രമെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുള്ളൂ. ആവശ്യമായ ഭൂമി ലഭിക്കാത്തിനാലാണ് ഇതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലാണ് ഭൂരിഭാഗം ഭൂമിയുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.