കനമുള്ള കഥക്കൂട്ടുകൾ

"നിഴൽ പോലെ അവൻ', "ഫിഫ്ത് അവന്യു', 'അറ്റൻഡർ ', വിശ്ലേഷണം'... തുടങ്ങി മൊത്തം പത്തുകഥകളുടെ സമാഹാരമാണ് ഈ കൃതി. എല്ലാ കഥകളും പാരായണക്ഷമമാണ്. ഉൾനാടൻ ഗ്രാമങ്ങളിലെ ശാലീനത മുതൽ ന്യുയോർക് നഗരത്തിലെ കാഠിന്യങ്ങൾ വരെ ഈ കഥകളിൽ മിന്നിയും തെളിഞ്ഞും കാണാം. തികച്ചും ഏകാന്തമായിപ്പോവുന്നവരുടെ ജീവിതസംഘർഷങ്ങളിൽ പിന്തള്ളപ്പെട്ടുപോകുന്നവരുടെ, ജീവിതമെന്ന കയ്പുരസം എന്നും മോന്താൻ നിയോഗമുള്ളവരുടെ എല്ലാം കഥകളാണ് റഫീഖ് തറയിൽ അനുകമ്പാർഹമാംവിധം പറഞ്ഞുവെക്കുന്നത്.
അതിഥി വായന
Posted on: February 16, 2020 5:10 pm | Last updated: February 19, 2020 at 5:12 pm
ജോസഫിന്റെ തിരുശേഷിപ്പ് | റഫീഖ് തറയിൽ

സാഹിത്യത്തിന് ശാഖകൾ അനേകമുണ്ട്. നോവൽ, നാടകം, കവിത, ഗദ്യകവിത, ചെറുകഥ, ഹാസ്യകഥ എന്നിങ്ങനെ. എന്നാൽ സമീപകാലത്തായി “ചെറുകഥകൾ’ കാണാനില്ല. കാണുന്നത്, “കഥകൾ’ മാത്രം.
“ചെറുകഥ’ക്ക് പ്ലോട്ട് (കഥാവസ്തു) വേണം, കഥാപാത്രങ്ങൾ, അന്തരീക്ഷം എന്നിവയും വേണം. ലക്ഷണമൊത്ത ചെറുകഥകളുടെ മാതൃകകൾ രൂപപ്പെട്ടത്, ആദ്യം അമേരിക്കയിലാണ്, 1930കളിൽ. രണ്ടുപതിറ്റാണ്ടുകൾക്കുള്ളിൽ മലയാളത്തിലും ചെറുകഥകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നവോത്ഥാന കാലഘട്ടത്തിലാണ് ചെറുകഥാശാഖ പുഷ്‌കലമായത്. അന്ന് സാമൂഹിക പ്രാധാന്യമുള്ള ചെറുകഥകളുടെ മലവെള്ളപ്പാച്ചിൽ തന്നെയാണ് സംഭവിച്ചത്.

ALSO READ  മാധ്യമങ്ങളെക്കുറിച്ച് ഒരു മറുവായന

സമീപകാലത്തായി സാമൂഹിക പ്രതിബദ്ധതയോടെ സാഹിത്യസൃഷ്ടി നടത്താൻ സാഹിത്യകാരന്മാരിൽ ബഹുഭൂരിപക്ഷവും വിമുഖരാണ്. അവർ “സ്വാതന്ത്ര്യ’മെന്ന ലേബലുപയോഗിച്ച് സമൂഹിക വിരുദ്ധമായ ആശയ സംഹിതകളാണ് എഴുതിവിടുന്നത്. ആധുനിക ദൃശ്യ- ശ്രാവ്യ മാധ്യമങ്ങൾ അവർക്ക് പരിപൂർണ പിന്തുണയും നൽകുന്നു.
ആമുഖമായി ഇത്രയുമെഴുതാൻ കാരണം റഫീഖ് തറയിൽ രചിച്ച “ജോസഫിന്റെ തിരുശേഷിപ്പ്’ എന്ന കഥാസമാഹാരം വായിച്ചപ്പോൾ മനസ്സിലൂറിയ ചില ചിന്തകളാണ്. അങ്ങാടിപ്പുറത്തുകാരനായ റഫീഖ് ഔദ്യോഗികമായി ഇപ്പോൾ അമേരിക്കയിലാണ്. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയതു മുതൽ കഥാപുസ്തകങ്ങൾ റഫീഖിന് എന്നും തലയിണയായിരുന്നുവത്രെ. അയൽപക്കക്കാരനായിരുന്ന “നന്തനാരുടെ’ കഥകൾ വായിച്ചാണ് വളർന്നത്. ജീവിതത്തിൽ എന്തെങ്കിലുമാകണമെന്ന ദൃഢനിശ്ചയവുമായി മുന്നേറി. ഇംഗ്ലീഷ് സാഹിത്യത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ ചേക്കേറി. ഒപ്പം സാഹിത്യരചനയും. തത്ഫലമായി രൂപപ്പെട്ട കഥകളുടെ ആദ്യസമാഹാരമാണ് ഈ കൃതി. കേരളത്തിൽ കലാശാലാവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. അമേരിക്കയിലെ സമ്പത്തിന്റെ പ്രൗഢിയോ സാമ്രാജ്യത്വത്തിന്റെ സങ്കുചിതത്വമോ റഫീഖിനെ സ്വാധീനിച്ചിട്ടില്ല. റഫീഖിന്റ പത്ത് കഥകളുടെ സമാഹാരമാണ് “ജോസഫിന്റെ തിരുശേഷിപ്പ്’. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പെട്ട് നട്ടംതിരിയുന്നവരേയോ അഞ്ചക്കശമ്പളം വാങ്ങി സമരം ചെയ്യുന്ന തൊഴിലാളികളേയോ നായകനാക്കിയല്ല, ഇതിലെ കഥകളൊന്നും തന്നെ.

ALSO READ  ചാതുർവർണ്യമൊഴിയാത്ത അടിത്തട്ട് ജീവിതം

പക്ഷങ്ങൾ ചേരാതെ ജീവിതത്തിന്റെ യഥാർഥ മുഖങ്ങൾ ആവിഷ്‌കരിക്കുക എന്നതാണ് കഥാകാരന്റെ ലക്ഷ്യം. ആധുനിക കഥകൾ വിശിഷ്യ പാശ്ചാത്യനാടുകളിൽ (ഇപ്പോൾ കേരളത്തിലും) പ്രസിദ്ധീകരിക്കപ്പെടുന്നവ തനതായ രീതിയിലുള്ള ആവിഷ്‌കാരമാണ്. അതിൽ സഭ്യാസഭ്യങ്ങൾപോലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. എന്നാൽ, ജീവിതമെന്ന പ്രഹേളികയുടെ ആഴമോ അന്തസ്സാര ശൂന്യതയോ ദയാരാഹിത്യമോ ഒക്കെ അതിൽ ദർശിക്കാൻ പറ്റും. ജീവിതത്തിൽ അനുഭവപ്പെടുന്ന സന്ദിഗ്ദ്ധാവസ്ഥകൾ തനിമയോടെ പകർത്താൻ റഫീഖിന് കഴിയുന്നുണ്ട്. “മിസ് ഫിറ്റ്’ എന്ന കഥ ഉദാഹരണം. ലിംഗമാറ്റം വഴി “മിസ്’ ആയി രൂപാന്തരപ്പെടുന്ന “മിസ്റ്റർ’ കുടുംബാംഗങ്ങളുടെയും പ്രത്യേകിച്ച് കൂടപ്പിറപ്പിന്റെയും ഉള്ളിലുണ്ടാക്കുന്ന ആശയക്കുഴപ്പത്തിന്റെ അഗാധമായ ചുഴികളും അവസാനം മാതൃവാത്സല്യം പ്രാമുഖ്യം നേടി കുടുംബ ബന്ധങ്ങൾ വീണ്ടും തളിർക്കപ്പെടുന്നതും ചിന്താർഹമാണ്. ചിതറിപ്പോകുമായിരുന്ന കുടുംബം പരിരക്ഷിക്കപ്പെടുന്ന ഉമ്മയുടെ മഹത്വം ചിത്രീകരിക്കുന്നതിൽ കഥാകൃത്തിന്റെ കഴിവ് ശ്ലാഘനീയം തന്നെ. 2018ലെ സി വി ശ്രീരാമൻ സ്മാരക കഥാമത്സരത്തിൽ സമ്മാനം നേടിയ കഥയാണിത്.
“നിഴൽ പോലെ അവൻ’, “ഫിഫ്ത് അവന്യു’, “അറ്റൻഡർ ‘, വിശ്ലേഷണം’… തുടങ്ങി മൊത്തം പത്ത് കഥകളുടെ സമാഹാരമാണ് ഈ കൃതി. എല്ലാ കഥകളും പാരായണക്ഷമമാണ്. ഉൾനാടൻ ഗ്രാമങ്ങളിലെ ശാലീനത മുതൽ ന്യുയോർക് നഗരത്തിലെ കാഠിന്യങ്ങൾ വരെ ഈ കഥകളിൽ മിന്നിയും തെളിഞ്ഞും കാണാം. തികച്ചും ഏകാന്തമായിപ്പോവുന്നവരുടെ ജീവിതസംഘർഷങ്ങളിൽ പിന്തള്ളപ്പെട്ടുപോകുന്നവരുടെ, ജീവിതമെന്ന കയ്പുരസം എന്നും മോന്താൻ നിയോഗമുള്ളവരുടെ എല്ലാം കഥകളാണ് റഫീഖ് തറയിൽ അനുകമ്പാർഹമാംവിധം പറഞ്ഞുവെക്കുന്നത്.

പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരും ചുവയും ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. തെളിമയുള്ള ആഖ്യാനശൈലിയും കൂടിയാകുമ്പോൾ, കഥാകൃത്തിന്റെ പ്രഥമ സമാഹാരം അനുവാചകർക്ക് അപൂർവമായൊരു വായനാസുഖം പ്രദാനം ചെയ്യാൻ പര്യാപ്തമാണ്. പൂർണ പബ്ലിക്കേഷൻസാണ് പ്രസാധകർ. പേജ് 152. വില 165 രൂപ.

ടി ആർ തിരുവാഴാംകുന്ന്
[email protected]