Connect with us

Editorial

ക്രിമിനലുകള്‍ക്ക് തിരഞ്ഞെടുപ്പില്‍ വിലക്കേര്‍പ്പെടുത്തണം

Published

|

Last Updated

ക്രിമിനല്‍ കേസുള്ളവരെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുമ്പോള്‍, പാര്‍ട്ടികള്‍ അവരുടെ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ടിരിക്കുന്നു സുപ്രീം കോടതി. മത്സരാര്‍ഥികളുടെ കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസ് നടക്കുന്നത് ഏത് കോടതിയില്‍, കേസ് നമ്പര്‍, വിചാരണ ഏത് ഘട്ടത്തില്‍, എന്തുകൊണ്ടാണ് കേസില്‍ ഉള്‍പ്പെട്ടവരെ മത്സരിപ്പിക്കുന്നത്, എന്ത് യോഗ്യതയിലാണ് ഇത്തരമൊരു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തത്, ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത് തുടങ്ങിയ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റിലും പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്നാണ് കോടതി നിര്‍ദേശം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഈ വിവരങ്ങള്‍ വെളിപ്പെടുത്തണം. 72 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സമര്‍പ്പിക്കുകയും വേണം.

ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് 2018 സെപ്തംബറില്‍ സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നാമനിര്‍ദേശ പത്രികകള്‍ക്കൊപ്പം സ്ഥാനാര്‍ഥി തന്റെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുകയും ഇതുള്‍പ്പെടെ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജനങ്ങളെ അറിയിക്കുകയും വേണമെന്നായിരുന്നു പ്രധാന നിര്‍ദേശം. ഇത്തരക്കാരെ മത്സരിപ്പിക്കാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് ഫലവത്താകാത്ത സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ഉള്‍പ്പെട്ട ബഞ്ച് കഴിഞ്ഞ ദിവസം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
നിലവില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെടാത്തവര്‍ക്ക് രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനോ അധികാര സ്ഥാനങ്ങള്‍ കൈയാളുന്നതിനോ തടസ്സമില്ല. ഇതേത്തുടര്‍ന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സര രംഗത്തു വരികയും എം എല്‍ എമാരും എം പിമാരും മന്ത്രിമാരുമായി വിഹരിക്കുകയും ചെയ്യുന്നു. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഇത്തരക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 24 ശതമാനമായിരുന്നു 2004ല്‍ ക്രിമിനല്‍ കേസുള്ള എം പിമാരുടെ എണ്ണം. 2009ല്‍ ഇത് 30ഉം 2014ല്‍ 34ഉം 2019ല്‍ 39ഉം ശതമാനമായി ഉയര്‍ന്നു. രണ്ട് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ എം പിമാരിലും എം എല്‍ എമാരിലും 1,700ഓളം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കൊലപാതകം, വര്‍ഗീയത വളര്‍ത്തല്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടത്. രാജ്യത്തെ ആകെ ജനപ്രതിനിധികളില്‍ മൂന്നിലൊന്ന് വരുമിത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിപദവികള്‍ കൈകാര്യം ചെയ്യുന്നതില്‍ നല്ലൊരു പങ്കും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ്.

ക്രിമിനലുകളെ മാറ്റി നിര്‍ത്തി രാഷ്ട്രീയ രംഗം ശുദ്ധീകരിക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഈ ആവശ്യമുന്നയിച്ച് പലരും കോടതികളെ സമീപിക്കുകയുമുണ്ടായി. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആറ് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള സുപ്രീം കോടതി വിധി മാത്രമാണ് ഇതു സംബന്ധിച്ച് വന്ന ഏക ഉത്തരവ്. എന്നാല്‍ കേസ് നടത്തിപ്പില്‍ വരുന്ന കാലതാമസം കാരണവും മറ്റും ക്രിമിനല്‍ രാഷ്ട്രീയക്കാരില്‍ ശിക്ഷിക്കപ്പെടുന്നവര്‍ വളരെ ചുരുക്കമാണ്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ രാഷ്ട്രീയക്കാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ രൂപവത്കരിക്കണമെന്ന ഒരു നിര്‍ദേശം 2017 ജനുവരിയില്‍ സുപ്രീം കോടതി മുന്നോട്ടു വെച്ചിരുന്നു. ഒരു പാര്‍ട്ടിക്കും ഇതിനോട് യോജിപ്പില്ലെന്നതു കൊണ്ടു തന്നെ അത്തരമൊരു സംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇനി വന്നാല്‍ തന്നെ രാഷ്ട്രീയത്തിലെ സ്വാധീനമുപയോഗിച്ച് പ്രതികള്‍ നിയമ നടപടികളില്‍ നിന്ന് ഊരിപ്പോകുകയും ചെയ്യും. ഇക്കാര്യത്തില്‍ നിരവധി അനുഭവങ്ങള്‍ മുമ്പിലുണ്ടല്ലോ.
ക്രിമിനല്‍ കേസ് ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുക മാത്രമാണ് രാഷ്ട്രീയരംഗം ശുദ്ധീകരിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. എങ്കിലും കോടതിക്ക് അങ്ങനെയൊരു ഉത്തരവ് നല്‍കാനാകില്ലെന്നും നിയമ നിര്‍മാണമാണ് ഏക പോംവഴിയെന്നുമാണ് 2018 നവംബര്‍ 25ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചത്.

തങ്ങളെ ഭരിക്കുന്നത് രാഷ്ട്രീയ സദാചാരമുള്ള നല്ല വ്യക്തികളാണെന്ന് ഉറപ്പ് വരുത്താനുള്ള അവകാശം സമൂഹത്തിനുണ്ടെന്നതിനാല്‍ ക്രിമിനലുകളെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്തേണ്ടത് പാര്‍ലിമെന്റിന്റെ ചുമതലയാണെന്നും കോടതി ഇതോട് ചേര്‍ത്തു പറഞ്ഞു. എന്നാല്‍ 40 ശതമാനത്തോളം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലിമെന്റ് ഇത്തരമൊരു നിയമ നിര്‍മാണത്തിനു സന്നദ്ധമാകുകയില്ലെന്നു വ്യക്തം. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ കിട്ടാവുന്ന കേസില്‍ ഉള്‍പ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് നിയമം കൊണ്ടുവരാന്‍ നേരത്തേ തിരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. സര്‍ക്കാര്‍ അത് കേട്ട ഭാവമേ നടിച്ചില്ല. മാത്രമല്ല, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച്, നാമനിര്‍ദേശ പത്രികയിലൂടെ സ്ഥാനാര്‍ഥിയുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ അതിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്ന ചരിത്രമാണ് പാര്‍ലിമെന്റിനുള്ളത്. കോടതി പ്രസ്തുത ഓര്‍ഡിനന്‍സ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനാല്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നു മാത്രം.

Latest