Connect with us

International

രാജ്യാതിര്‍ത്തി നിര്‍ണയിക്കുന്നതില്‍ ഗൂഗിളിന് ഇരട്ടത്താപ്പ്; ഗൂഗിള്‍ മാപ്പില്‍ അതിര്‍ത്തികള്‍ പലവിധം

Published

|

Last Updated

സാന്‍ ഫ്രാന്‍സിസ്‌കോ | ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന മാപ്പാണ് ഗൂഗിള്‍ മാപ്പ്. ദിശയും സ്ഥാനവും നിര്‍ണയിക്കുവാന്‍ ഗൂഗിള്‍ മാപ്പിനോളം സുശക്തമായ മറ്റൊരു മാപ്പില്ലെന്ന് തന്നെ പറയാം. എന്നാല്‍ മാപ്പുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യാതിര്‍ത്തികള്‍ നോക്കുന്നയാളുടെ രാജ്യത്തിന് അനുസൃതമായി വ്യത്യസ്തമായ രീതിയിലാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിൽ നിന്ന് നോക്കുമ്പോൾ കാശ്മീർ പൂർണമായും ഇന്ത്യയുടെ ഭാഗമായി ഗൂഗിൾ മാപ്പിൽ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു

ഇന്ത്യ – പാക് തര്‍ക്കത്തിന്റെ മൂലകാരണമായ കാശ്മീര്‍ വിഷയത്തില്‍ ഗൂഗിള്‍ ഈ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ ഇന്ത്യയില്‍ നിന്ന് നോക്കുന്നയാള്‍ക്ക് കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായാണ് കാണാന്‍ സാധിക്കുക. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നോ മറ്റെതെങ്കിലും രാജ്യങ്ങളില്‍ നിന്നോ നോക്കിയാല്‍ അതിര്‍ത്തിയില്‍ തര്‍ക്കമുണ്ടെന്ന് വ്യക്തമാക്കുന്ന ഡോട്ടഡ് ലൈന്‍ ആണ് കാണാന്‍ സാധിക്കുക. അര്‍ജന്റീന മുതല്‍ ബ്രിട്ടണ്‍ വരെയും ഇറാന്‍ വരെയുമുള്ള രാജ്യാതിര്‍ത്തികളുടെ കാര്യത്തിലും ഇതേ സമീപനമാണ് ഗൂഗിള്‍ സ്വീകരിക്കുന്നത്.

മറ്റുരാജ്യങ്ങളിൽ നിന്ന് നോക്കുമ്പോൾ കാശ്മീർ അതിർത്തി ഡോട്ടഡ് ലെെൻ ആയി നൽകിയിരിക്കുന്നു. ബ്രിട്ടനിൽ നിന്ന് ബ്രൗസ് ചെയ്യുമ്പോൾ ഉള്ള കാഴ്ച

മൊബൈല്‍ മാപ്പുകളില്‍ 80 ശതമാനം മാര്‍ക്കറ്റ് ഷെയറും ഒരു ബില്യണ്‍ ഉപയോക്താക്കളും ഉള്ളതിനാല്‍, ലോകത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണയെ സ്വാധീനിക്കുവാന്‍ ഗൂഗിളിന് സാധിക്കും. മാപ്പുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ അതീവ രഹസ്യമായാണ് ഗൂഗിള്‍ കൈകാര്യം ചെയ്യുന്നത്. ദിനംപ്രതി ഗൂഗിളിന്റെ ഡിജിറ്റല്‍ അറ്റ്‌ലസ് രൂപകല്‍പന ചെയ്യുന്നവര്‍ക്ക് പോലും ഇക്കാര്യങ്ങള്‍ പലതും അറിയില്ലെന്നതാണ് സത്യം.

അടിസ്ഥാന സത്യത്തെ അടിസ്ഥാനമാക്കി സാധ്യമായ ഏറ്റവും സമഗ്രവും കൃത്യവുമായ മാപ്പ് നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ മാപ്പ്‌സ് പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ഇതാന്‍ റസ്സല്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. തര്‍ക്ക പ്രദേശങ്ങളുടെയും അതിര്‍ത്തികളുടെയും വിഷയത്തില്‍ തങ്ങള്‍ നിഷ്പക്ഷത പാലിക്കുന്നുവെന്നും ഒപ്പം ചാരനിറത്തിലുള്ള അതിര്‍ത്തി രേഖ ഉപയോഗിച്ച് തര്‍ക്കം വസ്തുനിഷ്ഠമായി മാപ്പുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഗൂഗിള്‍ മാപ്‌സിന്റെ പ്രാദേശിക പതിപ്പുകള്‍ ഉള്ള രാജ്യങ്ങളില്‍, പേരുകളും അതിര്‍ത്തികളും പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രാദേശിക നിയമങ്ങളാണ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

15 വയസ്സ് തികയുന്ന ഗൂഗിള്‍ മാപ്പ്‌സ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളിലൊന്നാണ്. അടുത്ത വര്‍ഷത്തോടെ ഗൂഗിള്‍ മാപ്പസ് വഴി 3.6 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വില്‍പ്പന നേടാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

Latest