Connect with us

Health

പ്രമേഹത്തിന്റെ തലസ്ഥാനമായി കേരളം

Published

|

Last Updated

പത്തനംതിട്ട | കേരളത്തിൽ 60 ശതമാനത്തോളം മരണ കാരണം ജീവിതശൈലീ രോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടന. ജീവിത ശൈലീരോഗങ്ങളുടെ മരണ നിരക്കും രോഗാതുരതയും സാംക്രമിക രോഗങ്ങൾ, മാതൃശിശു രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന മരണനിരക്കിനെയും രോഗാതുരതയെക്കാളും കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

റിപ്പോർട്ട് പ്രകാരം കേരളം എപ്പിഡമോളജിക്കൽ ട്രാൻസിഷന്റെ ഏറ്റവും ഉയർന്ന സോണിലെത്തി. സംസ്ഥാനത്ത് അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് ആൻഡ് സ്റ്റഡീസും ആരോഗ്യവകുപ്പും 2017ൽ സംയുക്തമായി നടത്തിയ പഠനത്തിൽ കേരളത്തിൽ മൂന്നിലൊരാൾക്ക് രക്താതിമർദവും അഞ്ചിലൊരാൾക്ക് പ്രമേഹവുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം പ്രമേഹ രോഗമുള്ള രാജ്യം ഇന്ത്യയും ഇന്ത്യയിൽ പ്രമേഹത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്നത് കേരളവുമാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമ കുറവ്, ലഹരിയോടുള്ള ആസക്തി, ഉയർന്ന മാനസിക പിരിമുറുക്കം എന്നിവ പ്രമേഹം, രക്താതിമർദം, പൊണ്ണത്തടി, ഹൃദ്‌രോഗം, വൃക്കരോഗം, പക്ഷാഘാതം, ക്യാൻസർ തുടങ്ങിയവ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിന് കാരണമായി. ഈ അവസ്ഥ പ്രതിരോധിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിനുമാണ് ജീവിത ശൈലീരോഗ നിയന്ത്രണ പദ്ധതിയായ അമൃതം ആരോഗ്യം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2016- 17 കാലയളവിൽ കേരളം ജീവിതശൈലീ രോഗ നിയന്ത്രണ സംസ്ഥാനമായി മാറി. നിലവിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഉയർത്തപ്പെട്ട സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ആറ് ദിവസവും, എല്ലാ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസവും ജീവിതശൈലീ രോഗ ക്ലീനിക്കുകൾ പ്രവർത്തിച്ചുവരുന്നു.

സംസ്ഥാനത്ത് 2016-17 കാലയളവിൽ 42,89,272 പേരെയും 2017-18ൽ 38,77,929 പേരെയും 2018-19 വർഷ കാലയളവിൽ 46,65,375 പേരെയും ജീവിത ശൈലീ രോഗ സ്‌ക്രീനിംഗിന് വിധേയമാക്കി. ഈക്കാലയളവിൽ പുതുതായി 9.1 ലക്ഷം പ്രമേഹ രോഗികളെയും 11.2 ലക്ഷം രക്താതിമർദ രോഗികളെയും പ്രമേഹവും രക്താതിമർദവുമുള്ള 3.28 ലക്ഷം പേരെയും കണ്ടെത്തി. ജനസംഖ്യാ ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2018-19 സാമ്പത്തിക വർഷം തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, വയനാട് ജില്ലകളിൽ പദ്ധതി ആരംഭിക്കുകയുണ്ടായി. ഒരു പ്രദേശത്തെ എല്ലാ ജനങ്ങളെയും ജീവിത ശൈലീരോഗ നിർണയം നടത്തി പ്രാദേശികമായ ഒരു രജിസ്റ്റർ തയ്യാറാക്കുന്നതിനായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്. രക്താതിമർദം, സ്തനാർബുദം, വദനാർബുദം, ഗർഭാശയ ഗളാർബുദം എന്നിവ പ്രാരംഭ ദശയിൽ കണ്ടെത്തുന്നതിനും തുടർ ചികിത്സ ലഭ്യമാക്കുന്നതിനുമായിരുന്നു പദ്ധതി. പദ്ധതി പ്രകാരം രോഗ ശതമാനം കുറക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജീവിത ശൈലീ രോഗ നിർണയയത്തിനും ചികിത്സക്കുമായി 2017-18ൽ 20.38 കോടി രൂപയും 2018-19 വർഷത്തിൽ 27.86 കോടി രൂപയും 2019-20 സാമ്പത്തിക വർഷം 46.77 കോടിരൂപയും സംസ്ഥാനത്ത് ചെലവഴിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest