Connect with us

National

ഡല്‍ഹിയില്‍ പോളിങ് ശതമാനം 62.59; പ്രഖ്യാപനം വൈകിയത് സൂക്ഷ്മ നിരീക്ഷണം നടത്തിയതിനാലെന്ന് തിര.കമ്മിഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി |ആരോപണങ്ങള്‍ക്ക് പിറകെ ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. 62.59 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സൂക്ഷ്മ നിരീക്ഷണം നടത്തിയതിനാലാണ് പോളിങ് ശതമാനം പ്രഖ്യാപിക്കാന്‍ വൈകിയതെന്നും കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാന കണക്ക് വെളിപ്പെടുത്താത്തതില്‍ ദുരൂഹത ആരോപിച്ച് എഎപി രംഗത്ത് വന്നിരുന്നു

അന്തിമ വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകുന്ന നടപടി തികച്ചും ഞെട്ടിക്കുന്നതാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.

ശനിയാഴ്ച ആറുമണിക്കാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചത്. ഏകദേശം 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് ശതമാനത്തെ കുറിച്ചുളള ഔദ്യോഗിക കണക്ക് ഇലക്ഷന്‍ കമ്മിഷന്‍ പുറത്തുവിട്ടിരുന്നില്ല

വോട്ടെടുപ്പ് അവസാനിക്കുന്ന ദിവസം വൈകുന്നേരത്തോടെ വോട്ടിങ് ശതമാനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. എന്നാല്‍ ഇന്നലെ ആറുമണിയോടെ പത്രസമ്മേളനം വിളിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ രേഖപ്പെടുത്തിയത് 57.06 ശതമാനം വോട്ടാണെന്നും 103 കേന്ദ്രങ്ങളില്‍ പോളിങ് അവസാനിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഇത് പൂര്‍ണ്ണമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.