ചോദ്യപേപ്പറിൽ പരീക്ഷാ സമയം മൂന്ന് മണിക്കൂർ; ടൈംടേബിളിൽ രണ്ടര മണിക്കൂർ

Posted on: February 8, 2020 11:05 am | Last updated: February 8, 2020 at 11:05 am


നരിക്കുനി | അറബിക് ചോദ്യപേപ്പർ പുതിയ റെഗുലേഷന് വിരുദ്ധമായി പുറത്തിറക്കിയത് വിദ്യാർഥികളെ വട്ടം കറക്കി. ഇന്നലെ നടന്ന കലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ ബി എ/ ബി എസ് സി/ ബി സി എ സി ബി സി എസ് എസ് പരീക്ഷക്കാണ് പരീക്ഷ എഴുതാനുള്ള സമയം മാറ്റിയത് അറിയാതെ ചോദ്യപേപ്പർ ഇറക്കി വിദ്യാർഥികളെ വട്ടം കറക്കിയത്.

വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്കും ഇതേ ചോദ്യപേപ്പറാണ് ലഭിച്ചത്. 2019 അഡ്മിഷനിലെ വിദ്യാർഥികൾക്ക് പുതിയ സിലബസാണ് സർവകലാശാല നടപ്പാക്കുന്നത്. 2014 മുതൽ നിലവിലുള്ള സിലബസിൽ പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. എന്നാൽ 2019 ൽ പുതുക്കിയ സിലബസും റെഗുലേഷനും പ്രകാരം പരീക്ഷാ സമയം കുറച്ചിട്ടുണ്ട്. ആകെയുള്ള മാർക്കിലും വ്യത്യാസമുണ്ട്.

ഇംഗ്ലീഷ് കോമൺ പേപ്പറുകൾക്ക് രണ്ട് മണിക്കൂറും മറ്റ് കോമൺ പേപ്പറുകൾക്കും കോർ/ കോംപ്ലിമെന്ററി പേപ്പറുകൾക്കും രണ്ടര മണിക്കൂർ സമയത്തെ പരീക്ഷയാണുള്ളത്. എന്നാൽ ഇന്നലെ നടന്ന പരീക്ഷക്ക് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചോദ്യപേപ്പറാണ് പരീക്ഷ സെന്ററുകളിലേക്ക് സർവകലാശാല എത്തിച്ചിട്ടുള്ളത്.
കഴിഞ്ഞയാഴ്ച നടന്ന ബി കോം / ബി ബി എ പരീക്ഷക്കായി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചോദ്യപേപ്പറാണ് സർവകലാശാല പുറത്തിറക്കിയിരുന്നത്.