Connect with us

Kerala

യാത്രാനുമതി നിഷേധിച്ചു; 21 മലയാളി വിദ്യാര്‍ഥികള്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

ബീജീംഗ് | കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന ചൈനയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച 21 മലയാളി വിദ്യാര്‍ഥികള്‍ ബീജിംഗില്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഡാലിയന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതമനുഭവിക്കുന്നത്. ഇവരില്‍ 15 പേര്‍ പെണ്‍കുട്ടികളാണ്.

ഫെബ്രുവരി മൂന്നിന് സിംഗപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ നാട്ടിലേക്ക് തിരിക്കാനാണ് ഇവര്‍ ബീജിംഗ് വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്ത ഇവര്‍ ബോര്‍ഡിംഗ് പാസ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ചൈനയില്‍ നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കുള്ള കാര്യം അറിയുന്നത്. ബോര്‍ഡിംഗ് പാസ് നിഷേധിക്കപ്പെട്ടതോടെ ഇവര്‍ പെരുവഴിയിലായ അവസ്ഥയിലാണ്.

തിരിച്ചെത്തില്ലെന്ന് എഴുതി നല്‍കിയാണ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികള്‍ യാത്ര തിരിച്ചത്. ഇതോടെ ഹോസ്റ്റലിലേക്കും മടങ്ങാനാവാത്ത സ്ഥിതയാണ്. വിസ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നേരത്തെ ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്നത്. പിന്നീട് വിസ പുതുക്കി ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ബീജിംഗിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest