Connect with us

National

കർണാടകയിൽ ഇന്ദിരാ കാന്റീനുകൾ കാവിവത്കരിക്കാൻ നീക്കം

Published

|

Last Updated

ബെംഗളൂരു | പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ മൂന്ന് നേരം ഭക്ഷണം നൽകാൻ കർണാടകയിൽ ആരംഭിച്ച ഇന്ദിരാ കാന്റീനുകൾ കാവിവത്കരിക്കാൻ സർക്കാർ നീക്കം. ബെംഗളൂരു ഈസ്റ്റ് സോണിൽ പ്രവർത്തിക്കുന്ന ഇന്ദിരാ കാന്റീനുകളിലെ ഭക്ഷണ വിതരണത്തിനുള്ള കരാർ ബി ജെ പി അനുകൂല സന്നദ്ധ സംഘടനയായ അദമ്യ ചേതന ട്രസ്റ്റിന് നൽകിയത് ഇതിന്റെ ആദ്യ ചുവട്‌വെപ്പാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.

രാഷ്ട്രീയത്തിന്റെ ലേബലിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് കാന്റീൻ ഭക്ഷണ വിതരണക്കരാറുകൾ നൽകി ഭാവിയിൽ ഈ മേഖലയിലും കാവിവത്ക്കരണം നടപ്പാക്കാനാണ് ബി ജെ പി സർക്കാറിന്റെയും ബെംഗളൂരു കോർപറേഷന്റെയും നീക്കമെന്ന ആരോപണം ശക്തമായിട്ടുണ്ട്. എന്നാൽ, കുറഞ്ഞ തുകക്ക് ടെൻഡറിൽ പങ്കെടുത്ത സംഘടനകൾക്കാണ് കരാർ നൽകിയതെന്നാണ് ബി ബി എം പി വിശദീകരണം.

ഇന്ദിരാ കാന്റീനുകളുടെ പേര് മാറ്റാൻ സർക്കാർ നീക്കം നടത്തുന്നതിന് പിന്നാലെയാണ് ഭക്ഷണ വിതരണ കരാർ ബി ജെ പി അനുകൂല സംഘടനകൾക്ക് കൈമാറാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. മഹർഷി വാത്മീകി അന്ന കാന്റീൻ എന്നാണ് ഇന്ദിരാകാന്റീനുകൾക്ക് പുനർനാമകരണം ചെയ്യുന്നത്. റവന്യൂ മന്ത്രി ആർ അശോകാണ് ഇക്കാര്യം വെളപ്പെടുത്തിയരുന്നത്.

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അംഗീകാരം ലഭിച്ചാലുടൻ പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പേര് മാറ്റത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തിൽ ഇതിനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവലിഞ്ഞതായും സൂചനയുണ്ട്. നിലവിലുള്ള കാന്റീനുകൾ ഇപ്പോഴത്തെ രീതിയിൽ തുടരുന്നതിനോട് ബി ജെ പി സർക്കാറിന് ഒട്ടും താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്.

കാന്റീൻ നടത്തിപ്പിനെതിരെ നിരന്തരമായ ആരോപണങ്ങളും അന്വേഷണങ്ങളും നടത്തി ഇവയെ ഇല്ലാതാക്കാനാണ് ഉദ്യോഗസ്ഥ ലോബി ശ്രമിക്കുന്നതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. കാന്റീൻ നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കാന്റീൻ കെട്ടിടങ്ങളുടെ നിർമാണത്തിൽ കഴിഞ്ഞ കോൺഗ്രസ് സർക്കാർ അഴിമതി നടത്തിയിട്ടുണ്ടെന്നാരോപിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കാന്റീനുകൾ അടച്ചുപൂട്ടാനള്ള ഗൂഢ നീക്കമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. കാന്റീനുകളിൽ ഭക്ഷണം എത്തിക്കുന്ന കരാറുകാർക്കെതിരെയും ബി ജെ പി രംഗത്ത് വന്നിരുന്നു.

ഗുണനിലവാര പരിശോധന ഇല്ലാതെയാണ് കാന്റീനുകളിൽ നിന്ന് ഭക്ഷണം നൽകുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. കാന്റീനുകൾ അടച്ചുപൂട്ടുന്ന സ്ഥിതി ഉണ്ടാകുകയാണെങ്കിൽ ഏറ്റവുമധികം ബാധിക്കുക നഗരത്തിലെത്തുന്ന സാധാരണക്കാരായ ജനങ്ങളെയായിരിക്കും. കെട്ടിട നിർമാണ തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും മറ്റു തൊളിലാളികളുടെയും ഏക ആശ്രയമാണ് ഇന്ദിരാ കാന്റീനുകൾ. കഴിഞ്ഞ സിദ്ധരാമയ്യ സർക്കാറിന്റെ ഏറ്റവും ജനപ്രീതി ആർജിച്ച പദ്ധതികളിലൊന്നായിരുന്നു ബെംഗളൂരു, മൈസൂരു നഗരങ്ങളിൽ ആരംഭിച്ച ഇന്ദിരാകാന്റീനുകൾ. തമിഴ്‌നാട്ടിലെ അമ്മ കാന്റീൻ മാതൃകയിലാണ് ഇന്ദിരാഗാന്ധിയുടെ പേരിൽ കാന്റീനുകൾ തുടങ്ങിയത്.

പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്ത് രൂപയുമാണ് ഇവിടെ ഈടാക്കുന്നത്.
ബെംഗളൂരു നഗരത്തിൽ 174 ഇന്ദിരാകാന്റീനുകളും 15 മൊബൈൽ കാന്റീനുകളുമാണ് പ്രവർത്തിക്കുന്നത്. ഒരു മാസം ശരാശരി 6.7 ലക്ഷം പേർക്കാണ് കുറഞ്ഞ നിരക്കിൽ ഇതിലൂടെ ഭക്ഷണം വിതരണം ചെയ്യുന്നത്.

---- facebook comment plugin here -----

Latest