Connect with us

International

47 വര്‍ഷത്തെ ബന്ധം അവസാനിച്ചു; യൂറോപ്യന്‍ യൂണിയനോട് വിട ചൊല്ലി ബ്രിട്ടന്‍

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനോട് (ഇ യു) ഔദ്യോഗികമായി വിട പറഞ്ഞു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11 നാണ് ബ്രെക്‌സിറ്റ് നടപ്പായത്. യൂറോപ്യന്‍ പാര്‍ലിമെന്റില്‍ 73 പേരാണ് ബ്രിട്ടന്റെ പ്രതിനിധികളായി ഉണ്ടായിരുന്നത്. ഇവരുടെ അവസാന സമ്മേളനം ബുധനാഴ്ച നടന്നിരുന്നു. ഇ യുവുമായുള്ള 47 വര്‍ഷത്തെ ബന്ധമാണ് ബ്രിട്ടന്‍ അവസാനിപ്പിച്ചത്. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്.

ബ്രെക്‌സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു. മൂന്നര വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അട്ടിമറികള്‍ക്കും ശേഷമാണ് ബ്രെക്‌സിറ്റ് നടപ്പായത്. ഇനിയുള്ള 11 മാസം പരിവര്‍ത്തനകാലമായിരിക്കും. ഈ കാലയളവിനകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകള്‍ രൂപവത്ക്കരിക്കും. ഇരുപക്ഷവും തമ്മിലുള്ള വ്യാപാര ഉടമ്പടികളും മറ്റും ചര്‍ച്ച ചെയ്താകും മറ്റു നടപടികളിലേക്കു കടക്കുക. ഡിസംബര്‍ 31 നാണ് പൂര്‍ണ അര്‍ഥത്തില്‍ ബ്രെക്‌സിറ്റ് നടപ്പാകുക.
കരാറിലെ വ്യവസ്ഥകള്‍ക്ക് ഇ യു പാര്‍ലിമെന്റ് അംഗീകാരം നല്‍കിയതോടെയാണ് ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായത്. 683 അംഗ പാര്‍ലിമെന്റില്‍ 621 പേരും ബില്ലിനെ പിന്തുണച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കിക്കൊണ്ടുള്ള ബ്രിട്ടീഷ് പാര്‍ലിമെന്റ് തീരുമാനത്തിന് എലിസബത്ത് രാജ്ഞി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. രാജ്ഞി ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. 2016ലാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന ബ്രിട്ടനില്‍ നടന്നത്. 51.9 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്നും 48.1 ശതമാനം പേര്‍ മറിച്ചും വിധിയെഴുതുകയായിരുന്നു. പിന്നീട് ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കും കടമ്പകള്‍ക്കും ശേഷമാണ് ഇ യുവില്‍ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങല്‍ യാഥാര്‍ഥ്യമായത്.

Latest