Connect with us

International

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിടവാങ്ങുന്നു; ബ്രക്‌സിറ്റ് ഇന്ന് രാത്രി 11ന് യാഥാര്‍ഥ്യമാകും

Published

|

Last Updated

ബ്രസല്‍സ് | യൂറോപ്യന്‍ യൂനിയനു (ഇ യു) മായുള്ള ബന്ധം ബ്രിട്ടന്‍ ഔദ്യോഗികമായി വിച്ഛേദിക്കുന്ന ബ്രക്‌സിറ്റ് ഇന്ന് രാത്രി 11ന് യാഥാര്‍ഥ്യമാകും. കരാറിലെ വ്യവസ്ഥകള്‍ക്ക് ഇ യു പാര്‍ലിമെന്റ് അംഗീകാരം നല്‍കിയതോടെയാണ് ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായത്. യൂറോപ്യന്‍ പാര്‍ലിമെന്റില്‍ 73 പേരാണ് ബ്രിട്ടന്റെ പ്രതിനിധികളായി ഉണ്ടായിരുന്നത്. ഇവരുടെ അവസാന സമ്മേളനം ബുധനാഴ്ച നടന്നു.

ബ്രക്‌സിറ്റ് ഇന്ന് നടപ്പില്‍ വന്നാലും 11 മാസം പരിവര്‍ത്തനകാലമായിരിക്കും. ഇരുപക്ഷവും തമ്മിലുള്ള വ്യാപാര ഉടമ്പടികളും മറ്റും ചര്‍ച്ച ചെയ്താകും മറ്റു നടപടികളിലേക്കു കടക്കുക. 683 അംഗ പാര്‍ലിമെന്റില്‍ 621 പേരും ബില്ലിനെ പിന്തുണച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാക്കിക്കൊണ്ടുള്ള ബ്രിട്ടീഷ് പാര്‍ലിമെന്റ് തീരുമാനത്തിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കിയിരുന്നു. രാജ്ഞി ഒപ്പുവെച്ചതോടെ ബില്‍ നിയമമായി.

2016ലാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന ബ്രിട്ടനില്‍ നടന്നത്. 51.9 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്നും 48.1 ശതമാനം പേര്‍ മറിച്ചും വിധിയെഴുതുകയായിരുന്നു. പിന്നീട് ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കും കടമ്പകള്‍ക്കും ശേഷമാണ് ഇ യുവില്‍ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങല്‍ യാഥാര്‍ഥ്യമാകുന്നത്.

Latest