Connect with us

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികള്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

Published

|

Last Updated

ബെംഗളൂരു | പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികളുടെ നാടകം അവതരിപ്പിച്ചതിന് കര്‍ണാടകയില്‍ സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിദാര്‍ ജില്ലയിലെ ഷാപുര്‍ ഗേറ്റിലുള്ള സ്‌കൂളാണ് സീല്‍ ചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിനും സ്‌കൂള്‍ മാനേജ്‌മെന്റിനും എതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ന്യൂ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷികദിനത്തിലായിരുന്നു വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാടകം അവതരിപ്പിച്ചത്. നാടകത്തിനെതിരെ നീലേഷ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

അതേസമയം, പോലീസ് നടപടിക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റും രംഗത്തെത്തി.കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാര്‍ഥികളെയും സ്‌കൂള്‍ ജീവനക്കാരെയും പോലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാഹീന്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ തൗസീഫ് മഡികെരി പറഞ്ഞു.

നാടകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ജീവനക്കാരുടെയോ മാനേജ്‌മെന്റോ വിദ്യാര്‍ഥികളോടു യാതൊന്നും നിര്‍ദേശിച്ചിട്ടില്ല. കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ സഹായത്തോടെയാണ് നാടകം കളിച്ചതെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു

Latest