ഇന്ത്യയും ബ്രസീലും സൈബര്‍ സുരക്ഷ ഉള്‍പ്പെടെ മേഖലയില്‍ 15 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

Posted on: January 25, 2020 5:59 pm | Last updated: January 25, 2020 at 8:22 pm

ന്യൂഡല്‍ഹി | സൈബര്‍ സുരക്ഷ, ബയോ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ബ്രസീലും തമ്മില്‍ 15 ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസിയാസ് ബോള്‍സനാരോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്.

ക്രിമിനല്‍ വിഷയങ്ങളില്‍ പരസ്പരം നിയമസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച കരാറിലും എണ്ണ, പ്രകൃതി വാതക മേഖലയിലെ സഹകരണത്തിനുള്ള കരാറിലും പാരമ്പര്യ, ഹോമിയോപതി ചികിത്സാ മേഖലയിലുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബോള്‍സനാരോ കൂടിക്കാഴ്ച നടത്തിയിരുന്നു.

എട്ട് മന്ത്രിമാര്‍, നാല് പാര്‍ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ്സ് പ്രതിനിധി സംഘം എന്നിവര്‍ ബ്രസീല്‍ പ്രസിഡന്റിന് ഒപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ബോള്‍സനാരോ ന്യൂഡല്‍ഹിയില്‍ എത്തിയത്. നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. നേരത്തെ രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ആചാരപരമായ വരവേല്‍പ്പും നല്‍കിയിരുന്നു.