പ്രതിപക്ഷ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; പരാതിയുള്ളവര്‍ രാഷ്ട്രപതിയെ കാണുക- ആരിഫ് മുഹമ്മദ് ഖാന്‍

Posted on: January 25, 2020 1:02 pm | Last updated: January 25, 2020 at 4:54 pm

തിരുവനന്തപുരം |  തന്നെ തിരിച്ചുവിളക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തിന്റെ നടപടിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹ്മമദ് ഖാന്‍. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കണമെന്നും ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരിഫ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ നീക്കത്തെ എല്ലാ ബഹുമാനത്തോടെയും സ്വാഗതം ചെയ്യുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാറിന് മുന്നറിയിപ്പ് നില്‍കാനും ഉപദേശിക്കാനും തനിക്ക് അധികാരമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുമെന്ന് തോന്നിയാല്‍ ഇടപെടും. പ്രതിപക്ഷ നീക്കത്തില്‍ ഇതില്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ല. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയോട് പ്രതികരിക്കാനില്ല.

എന്റെ സര്‍ക്കാറാണിത്. അതിനാല്‍ ഏറ്റുമുട്ടാനാവില്ല. പൗരത്വ നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സര്‍ക്കാര്‍ കോടതിയില്‍ പോയത് പ്രോട്ടോകോള്‍ ലംഘനം തന്നെയാണ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയം കോടതി പരിഗണനയിലാണ്. ഇത് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വരുന്ന സഭാ സമ്മേളനത്തില്‍ ഇത്തരം ഒരു പ്രമേയത്തിന് താന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയതായും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനുള്ള പരിഹാസ രൂപത്തിലുള്ള മറുപടിയാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.