Connect with us

Kerala

2018ലെ പ്രളയ ദുരിതാശ്വാസം; കേരളം ചെലവഴിച്ചില്ലെന്ന കേന്ദ്ര വാദം തെറ്റ്

Published

|

Last Updated

തിരുവനന്തപുരം |  2018ലുണ്ടായ പ്രളയ ദുരിതാശ്വാസത്തിനായി അനുവദിച്ച തുക കേരളം വിനിയോഗിച്ചില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം പച്ചക്കള്ളമെന്ന് റവന്യൂ വകുപ്പിന്റെ കണക്കുകള്‍. കേന്ദ്രം നല്‍കിയ 3004.85 കോടിയില്‍ 2344.80 കോടി രൂപയും കേരളത്തില്‍ ചെലവഴിച്ചു കഴിഞ്ഞു. 2019 മാര്‍ച്ച് 31 വരെ 1317.64 കോടിയാണു ചെലവഴിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒമ്പതുവരെ 1027.16 കോടിയും ചെലവിട്ടു. മറ്റ് പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാകുന്നതോടെ മുഴുവനും വിനിയോഗിക്കപ്പെടും. രണ്ടു സാമ്പത്തിക വര്‍ഷത്തെ ചെലവും കണക്കാക്കുമ്പോള്‍ 2344.80 കോടി രൂപയാണ് ചെലവായതെന്ന് റവന്യൂ വകുപ്പിന്റെ രേഖകള്‍ പറയുന്നു.

ഇതുസംബന്ധിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് ജനുവരി 14ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു സമര്‍പ്പിച്ചു.
2018ലെ പ്രളയസമയത്ത് അടിയന്തരമായി 100 കോടി രൂപയാണ് അനുവദിച്ചത്. പിന്നീട് അധികസഹായമായി 2904.85 കോടികൂടി കേന്ദ്രം കേരളത്തിന് അനുവദിച്ചു. 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാറിനോട് കേരളം ചോദിച്ചിരുന്നത്.

സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് 1141.81 കോടി ഇനി കൊടുത്തുതീര്‍ക്കണം. ജലസേചന സംവിധാനങ്ങളുടെ പുനര്‍നിര്‍മാണത്തിന് 536.7 കോടി, വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി 200 കോടി, പ്രളയസമയത്ത് കേരളത്തിനു നല്‍കിയ അരിയുടെ വിലയായി 204 കോടി, റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നല്‍കിയ ഇനത്തില്‍ 201.11 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യതകളുള്ളത്.

കഴിഞ്ഞ വര്‍ഷമുണ്ടായ രണ്ടാമത്തെ പ്രളയത്തില്‍ 2109 കോടി രൂപയുടെ അധികസഹായം കേരളം കേന്ദ്രത്തിനോട് അഭ്യര്‍ഥിച്ചെങ്കിലും ഒരു രൂപ പോലും നല്‍കാന്‍ തയ്യാറായിരുന്നില്ല.

Latest