കൊറോണ വൈറസ് മരണം 25 ആയി; ചൈന അഞ്ച് നഗരങ്ങള്‍കൂടി അടച്ചു

Posted on: January 24, 2020 10:04 am | Last updated: January 24, 2020 at 2:37 pm

വുഹാന്‍ |ദ്രുതഗതിയില്‍ പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കുന്ന നടപടികളുടെ ഭാഗമായി ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു.വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. വുഹാന്‍ നഗരത്തിലേക്കും നഗരവാസികള്‍ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേ സമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. രാജ്യത്ത് പുതുതായി 259 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 177 പേരുടെ നില ഗുരുതരമാണ്.

നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച ഉത്തരവിട്ടു. നഗരം അടച്ച വാര്‍ത്ത പുറത്തുവന്നതോടെ നഗരവാസികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.