ഭരണഘടനാ പ്രശ്‌നമെന്ന് ബോധ്യം

ഭരണഘടനാ ബഞ്ചിന്റെ അന്തിമ തീര്‍പ്പിന് സമയമെടുക്കുമെങ്കിലും ഭരണഘടനാ സംരക്ഷണത്തിനുള്ള നിയമ പോരാട്ടത്തിന് അവസരമൊരുങ്ങുന്ന സാഹചര്യം സംജാതമാകുകയാണ്.
സുപ്രീം കോടതി അഭിഭാഷകന്‍
Posted on: January 23, 2020 4:57 pm | Last updated: January 24, 2020 at 11:51 am

രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയ, പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ കോടതിയുടെ നിലപാട് രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ ഭാഗികമായി അംഗീകരിച്ചും തള്ളിയും കോടതി നടത്തിയ ഇടപെടല്‍ ഫലത്തില്‍ ഹരജികളില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളില്‍ കഴമ്പുണ്ടെന്ന് സമ്മതിക്കുന്നതും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നതുമായി. കേസിന്റെ മെറിറ്റിലെ വിശദാംശങ്ങള്‍ കേള്‍ക്കുകയോ ഏതെങ്കിലും ഉത്തരവുകള്‍ നല്‍കുകയോ ഇന്നലെ ചെയ്യാതിരുന്ന കോടതി, പക്ഷേ വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഒരു അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇതിനായി രൂപവത്കരിക്കുമെന്ന് വാക്കാല്‍ പരാമര്‍ശിച്ചു. വിശാല ഭരണഘടനാ ബഞ്ച് രൂപവത്കരിക്കുന്നതിലൂടെ, ഹരജികളില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളില്‍ സവിസ്തരമായി വാദം കേള്‍ക്കാനും ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന വിവേചന പൂര്‍ണമായ നിയമ ഭേദഗതിയുടെ ശരിതെറ്റുകള്‍ നീതിപീഠത്തിനു മുമ്പില്‍ ഉരച്ചു നോക്കാനും ഇതിലൂടെ അവസരം ലഭിക്കും. ഭരണഘടനാ ബഞ്ചിന്റെ അന്തിമ തീര്‍പ്പിന് സമയമെടുക്കുമെങ്കിലും ഭരണഘടനാ സംരക്ഷണത്തിനുള്ള നിയമ പോരാട്ടത്തിന് അവസരമൊരുങ്ങുന്ന സാഹചര്യം ഇതിനാല്‍ സംജാതമാകുകയാണ്.

അനുകൂലവും പ്രതികൂലവുമായി മൊത്തത്തില്‍ 140ല്‍ അധികം ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടതിനാല്‍ അതിന്മേലുള്ള കേന്ദ്രത്തിന്റെ മറുപടി ലഭിക്കാതെ ഏകപക്ഷീയമായ സ്റ്റേ അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. ആദ്യത്തെ 60 ഹരജികളുടെ കോപ്പി മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന സാങ്കേതിക തടസ്സവും എ ജി. കെ കെ വേണുഗോപാല്‍ ഉന്നയിക്കുകയുണ്ടായി. സ്റ്റേ ഇല്ലെങ്കില്‍ പൗരത്വ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സ്റ്റേ എന്ന വാക്ക് ഉപയോഗിക്കാതെ ഫലത്തില്‍ നിങ്ങള്‍ അത് തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് സിബലിനോട് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ സാഹചര്യം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ഇതുപകരിക്കുമെങ്കിലും എന്‍ ആര്‍ സി നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് ഇടക്കാല ഉത്തരവുണ്ടാകും എന്ന് വരുന്നതോടെ ബി ജെ പി സര്‍ക്കാറിന് ഉദ്ദേശിച്ച എളുപ്പം ഇനിയുണ്ടാകില്ലെന്ന് വ്യക്തമാണ്.

എല്ലാം ഒരുമിച്ച് കേള്‍ക്കാമെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അസമിലെയും ത്രിപുരയിലെയും കേസുകള്‍ വേറെ പരിഗണിക്കാമെന്ന് പറഞ്ഞ പരമോന്നത കോടതി രാജ്യത്തെ ഹൈക്കോടതികള്‍ ഈ വിഷയത്തില്‍ ഉത്തരവുകള്‍ നല്‍കുന്നത് വിലക്കുകയും ചെയ്തു. ഇനിയും ഹരജികള്‍ വരുന്നത് തടയണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചെങ്കിലും കോടതി അതില്‍ ഇടപെടാന്‍ തയ്യാറായില്ല.

ഭരണഘടനാ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരുടെ പരാതികള്‍ കേള്‍ക്കാന്‍ കോടതികള്‍ തയ്യാറാണെന്ന സന്ദേശമാണ് ബഞ്ച് ഇതിലൂടെ അറിയിച്ചത്. ഇത്രയും ഹരജികള്‍ക്ക് മറുപടി നല്‍കാന്‍ ആറ് ആഴ്ചയെങ്കിലും അനുവദിക്കണമെന്ന എ ജിയുടെ ആവശ്യത്തെ കോടതി നാല് ആഴ്ചയിലേക്ക് ചുരുക്കി. ശുഭപ്രതീക്ഷകള്‍ക്ക് സാധ്യത കൊടുത്തു കൊണ്ട് അഞ്ചാമത്തെ ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇവ്വിഷയകമായ ഉത്തരവ് ഉണ്ടാകും എന്നും കോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ നിയമാവലികളൊന്നും നിലവിലില്ലെങ്കിലും 19 ജില്ലകളിലെ 40 ലക്ഷം ജനങ്ങളെ സംശയമുള്ളവരായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ വോട്ടവകാശങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യമുണ്ടെന്നും അതുകൊണ്ട് കണക്കെടുപ്പ് പ്രക്രിയ നീട്ടിവെക്കണമെന്നും അഭിഷേക് മനു സിംഗ്‌വി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്‍ പി ആറും എന്‍ ആര്‍ സിയും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കപില്‍ സിബല്‍, ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പരസ്പര വിരുദ്ധമായ പ്രസ്താവനകളും കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു.

മുന്‍കാല പ്രാബല്യത്തില്‍ പൗരത്വ വിഷയത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനാകുമോ എന്ന സുപ്രധാന ചോദ്യത്തിന് അവസരത്തിനൊത്തുയര്‍ന്ന് കോടതി നടത്തിയ നിരീക്ഷണം നമ്മള്‍ കാണാതിരുന്നു കൂടാ. പൗരത്വ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും എന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം, ഭരണഘടനാ സംരക്ഷകനെന്ന സുപ്രീം കോടതിയുടെ വിശേഷണം അന്വര്‍ഥമാകുന്നതാകട്ടെ എന്ന് മഹാത്മാ ഗാന്ധിയുടെ സര്‍വധര്‍മ സമഭാവനയില്‍ വിശ്വസിക്കുന്ന രാജ്യത്തെ പ്രബുദ്ധ ജനത പ്രത്യാശിക്കുകയാണ്. സമര പോരാട്ടങ്ങള്‍ക്ക് അവധി കൊടുക്കാതെ നിലനിര്‍ത്തുകയാണ് ഈ പ്രക്ഷോഭ മുഖത്ത് നിലകൊള്ളുന്നവര്‍ ഇനിയും ചെയ്യേണ്ടത്. രാജ്യമാകെ ഊര്‍ജം പകര്‍ന്നുകൊണ്ട് കൊടും തണുപ്പിലും സമരം ചെയ്യുന്ന ശഹീന്‍ ബാഗിലെ സ്ത്രീകളും കുട്ടികളും അന്തിമ നീതി വരെ സമര രംഗത്ത് നിലയുറപ്പിക്കുമെന്ന് അസന്നിഗ്ധമായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.