മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു: പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കീഴടങ്ങി

Posted on: January 22, 2020 10:52 am | Last updated: January 22, 2020 at 5:13 pm

മംഗളൂരു | മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു വച്ചെന്ന് കരുതുന്നയാള്‍ പോലീസിന് മുമ്പില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ബെംഗളുരു ഹലസൂരു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരികൂടിയാണ് കീഴടങ്ങിയ ആദിത്യ റാവു. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിലെ വിശ്രമമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് സിഐഎസ്എഫും പൊലീസും ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയുമായിരുന്നു.വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.