Connect with us

International

എട്ട് മലയാളികള്‍ റിസോര്‍ട്ടില്‍ മരിച്ച സംഭവം; നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം വകുപ്പ് അന്വേഷണ സമിതിയെ നിയോഗിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ എട്ടുപേരെ ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39) ഭാര്യ ഇന്ദുലക്ഷ്മി(34) മകന്‍ വൈഷ്ണവ്(രണ്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം.

Latest