Connect with us

National

മംഗളുരു വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു ഉപേക്ഷിച്ചയാളുടെ കൈവശം മറ്റൊരു ബാഗുണ്ടായിരുന്നുവെന്ന് മൊഴി; കര്‍ണാടകയില്‍ അതീവ ജാഗ്രത

Published

|

Last Updated

മംഗളൂരു | മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ചയാളുടെ കൈവശം മറ്റൊരു ബാഗു കൂടിയുണ്ടെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴി. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നും ഇയാളെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതേ തുടര്‍ന്ന് കര്‍ണാടകയില്‍ പോലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് വിമാനത്താവള ടെര്‍മിനലിന് സമീപം വച്ച് തിരികെ ഓട്ടോയില്‍ കയറിയ പ്രതി രണ്ടാമത്തെ ബാഗുമായി രക്ഷപ്പെട്ടെന്നാണ് ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ സ്വകാര്യ ബസിലാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ കയ്യില്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം ഓട്ടോയില്‍ വിമാനത്താവളത്തിലെത്തി. സ്‌ഫോടക വസ്തുക്കളുള്ള ബാഗ് ടെര്‍മിനലിന് സമീപം വച്ചു. തിരികെ ഓട്ടോയില്‍ കയറി കടയില്‍ വച്ച ബാഗുമായി പ്രതി പമ്പ്‌വല്‍ ജംഗ്ഷനില്‍ ഇറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പോലീസിന്റെ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.