യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; കോണ്‍ഗ്രസ് പിന്തുണ പ്രതീക്ഷിച്ച് സി പി എം

Posted on: January 20, 2020 10:13 pm | Last updated: January 21, 2020 at 9:25 am

ന്യൂഡല്‍ഹി | സി പി എം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭ എം പിയായേക്കും. കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍ നിന്ന് യെച്ചൂരി മത്സരിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം കണക്കിലെടുത്താണ് യെച്ചൂരിയെ രാജ്യസഭയിലേക്കയക്കാന്‍ ബംഗാളിലെ സി പി എം ഘടകം ആലോചിക്കുന്നത്. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് കരുതുന്നതെന്ന് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സി പി എം ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിന്റെ നയങ്ങളെ ചെറുക്കാന്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണെന്നും അതിനു നേതൃത്വം നല്‍കാന്‍ യെച്ചൂരിയെക്കാള്‍ മികച്ച ഒരാളില്ലെന്നും നേതാവ് പറഞ്ഞു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005 മുതല്‍ 2017 വരെ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായിരുന്നു. ഫെബ്രുവരിയിലാണ് ബംഗാളിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.