Connect with us

Kerala

കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തേടി മകനെത്തി; ഇതിന് മുമ്പും ഉപേക്ഷിക്കാന്‍ ശ്രമമെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

അടിമാലി | പൂട്ടിയിട്ട കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തേടി മകന്‍ എത്തി.മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണിത്. കാറില്‍ അവശനിലയില്‍ കണ്ടെത്തിയ മാനന്തവാടി കാമ്പാട്ടി വെണ്‍മണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണി(63)യെ തേടിയാണ് മകന്‍ മഞ്ജിത്ത് എത്തിയത്.

മാധ്യമവാര്‍ത്തകള്‍ കണ്ടാണ് മഞ്ജിത്ത് ശനിയാഴ്ച രാവിലെയോടെ അടിമാലി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കട്ടപ്പനയിലാണ് ഇയാള്‍ താമസിക്കുന്നത്. ലൈലാമണിയുടെ തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ മാധ്യമങ്ങളില്‍നിന്ന് വിവരം അറിഞ്ഞതിനെ തുടര്‍ന്ന്തന്നെ അറിയിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.ലൈലാമണിയുടെ ചികിത്സക്ക് എന്ന പേരില്‍ മാത്യു വലിയ തോതില്‍ പണം പിരിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ലൈലാമണിയുടെ രണ്ടാം ഭര്‍ത്താവാണ് മാത്യു എന്നും ഇയാള്‍ ഇതിനുമുമ്പും ഇവരെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും മകന്‍ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തുവെച്ചായിരുന്നു ഇത്. അന്ന് തിരുവനന്തപുരത്തുള്ള മകളാണ് അമ്മയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഏറെക്കാലം സംരക്ഷിച്ചിരുന്നത്. പിന്നീട് ക്ഷമാപണവുമായെത്തിയ മാത്യു വീണ്ടും ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വയനാട്ടില്‍ സ്ഥലം വാങ്ങി അവിടെ താമസം ആരംഭിച്ചു.ഈ സ്ഥലം പിന്നീട് വിറ്റ് പലയിടങ്ങളില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു. വയനാട് തലപ്പുഴ വെണ്‍മണിയിലായിരുന്നു ഇവര്‍ ഇപ്പോള്‍ താമസിച്ചു വന്നത്. ഇവര്‍ ഔദ്യോഗികമായി വിവാഹിതരായിരുന്നില്ലെന്നും അറിയുന്നു.

മകന്റെ അടുത്തേയ്ക്ക് എന്നു പറഞ്ഞ് മൂന്നുദിവസം മുന്‍പ് ഇവര്‍ കാറില്‍ യാത്ര തിരിച്ചിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.അടുത്തയിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.

വെള്ളിയാഴ്ച 11 മണിയോടെയാണ് കല്ലാര്‍കുട്ടി റോഡില്‍ നാട്ടുകാര്‍ സ്ത്രീയെ കാറിനുള്ളില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതല്‍ ഈ വാഹനം കല്ലാര്‍കുട്ടി റോഡില്‍ പാല്‍ക്കോ പമ്പിനുസമീപം പാര്‍ക്കുചെയ്തിരുന്നു. ഓട്ടോഡ്രൈവര്‍മാരാണ്അവശനിലയിലായ ലൈലാമണിയെ കണ്ടത്. വാഹനം പൂട്ടിയിരുന്നു. സ്ത്രീയുടെ ഒരു വശം തളര്‍ന്ന നിലയിലായിരുന്നു. മകന്‍ മഞ്ജിത്തിനെ പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. മാത്യുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Latest