Kerala
പ്രകോപന മുദ്രാവാക്യം; ആറ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുറ്റ്യാടി| പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി നടത്തിയ പ്രകടനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയില്‍ ആറ് ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരെ കുറ്റ്യാടി പോലീസ് അറസ്റ്റു ചെയ്തു. വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പൊതുയോഗത്തില്‍ പ്രസംഗിച്ചെന്ന കുറ്റവും ഇവരുടെ മേല്‍ ആരോപിച്ചിട്ടുണ്ട്. പാലേരി കവറുള്ള കണ്ടിയില്‍ സുധീശന്‍, ഊരത്ത് സ്വദേശികളായ ഒന്തത്ത് പൊയില്‍ ഒ പി മഹേഷ്, പാറക്കെട്ടില്‍ നിധിന്‍, പുത്തന്‍പുരയില്‍ പി സി ലിനീഷ്, നിട്ടൂര്‍ കോട്ടേമ്മല്‍ പി കെ ബിനീഷ്, വേളം ചെരിഞ്ഞ പുറത്ത് മോഹനന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്‌റ്റെന്ന് പോലീസ് പറഞ്ഞു. മത സ്പര്‍ധ വളര്‍ത്താന്‍ സഹായകമാകുന്ന തരത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റിയാണ് പരാതി നല്‍കിയിരുന്നത്.