Connect with us

International

ഭരണഘടന പരിഷ്‌കരിക്കുന്നു; റഷ്യന്‍ സര്‍ക്കാര്‍ രാജിവച്ചു

Published

|

Last Updated

മോസ്‌കോ | ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി റഷ്യന്‍ സര്‍ക്കാര്‍ സാങ്കേതികമായി രാജിവച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഭരണഘടനാ പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവച്ച പശ്ചാത്തലത്തിലാണ് രാജിയെന്ന് പ്രധാന മന്ത്രി ദിമിത്രി മെദ്‌വദേവ് വ്യക്തമാക്കി. പുടിനോടൊപ്പം ദേശീയ ടെലിവിഷനിലൂടെയാണ് മെദ്‌വദേവ് രാജി പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാകും ഭരണഘടനാ പരിഷ്‌കാരം. ദേശീയ വാര്‍ഷിക പ്രസംഗത്തിലാണ് പരിഷ്‌കാരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുടിന്‍ പ്രഖ്യാപിച്ചത്. പരിഷ്‌കാര നടപടികള്‍ക്കു ശേഷം പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതു വരെ നിലവിലെ സര്‍ക്കാര്‍ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കും
നിലവില്‍ വ്യവസ്ഥകള്‍ പ്രകാരം പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിയാണ് പ്രധാന മന്ത്രിയാവുന്നത്. എന്നാല്‍, പുതിയ നിയമത്തില്‍ പാര്‍ലിമെന്റിന്റെ അധോസഭയുടെ അംഗീകാരം കൂടി ഇതിനു വേണം.

രാജിവെച്ച മെദ്വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്ന പദവി സൃഷ്ടിച്ച് അതില്‍ നിയമിക്കുമെന്ന് പുടിന്‍ അറിയിച്ചിട്ടുണ്ട്. പാര്‍ലിമെന്റിന് കൂടുതല്‍ അധികാരം നല്‍കുമെങ്കിലും പ്രസിഡന്റിന്റെ നിയന്ത്രണത്തില്‍ തന്നെയാകും തിരഞ്ഞെടുപ്പുകളും മറ്റും നടക്കുക. പുതിയ ഭരണഘടന പ്രകാരം രണ്ട് തവണ മാത്രമേ ഒരാള്‍ക്ക് പ്രസിഡന്റാവാന്‍ സാധിക്കൂ. പ്രധാന മന്ത്രിയേയും മന്ത്രിസഭയേയും പാര്‍ലിമെന്റാകും തിരഞ്ഞെടുക്കുക.
രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാകും പരിഷ്‌കാരമെന്ന് പുടിന്‍ പറഞ്ഞു.

“പാര്‍ലിമെന്റ്, പാര്‍ലിമെന്ററി പാര്‍ട്ടികള്‍, പ്രധാന മന്ത്രി എന്നിവരുടെയെല്ലാം ഉത്തരവാദിത്തവും, സ്വാതന്ത്ര്യവും വര്‍ധിപ്പിക്കുന്നതാകും പരിഷ്‌കാരം. പാര്‍ലിമെന്റും സിവില്‍ സമൂഹവും മാറ്റങ്ങളെ അംഗീകരിക്കാന്‍ തയാറാകുമെന്നാണ് പ്രതീക്ഷ.” മാറ്റങ്ങള്‍ സാധുവാക്കുന്നതിന് വോട്ടെടുപ്പു നടത്താനും പുടിന്‍ നിര്‍ദേശിച്ചു. പ്രസിഡന്റ്, പ്രധാന മന്ത്രി പദവികളിലായി രണ്ടു പതിറ്റാണ്ടോളമായി പുടിന്‍ അധികാരത്തിലുണ്ട്. നാലാം തവണയാണ് പുടിന്‍ റഷ്യയുടെ പ്രസിഡന്റ് പദവി വഹിക്കുന്നത്.

Latest