പര്‍വേസ് മുശര്‍റഫിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

Posted on: January 13, 2020 9:15 pm | Last updated: January 14, 2020 at 9:16 am

ലാഹോര്‍ | രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുശര്‍റഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചതിനെതിരെ മുശര്‍റഫ്ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പ്രത്യേക കോടതി രൂപീകരിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ നിയമ വിരുദ്ധമായാണെന്ന് ഹൈക്കോടതികണ്ടെത്തിയതായി മുശര്‍ഫിന്റെ അഭിഭാഷകര്‍ പറഞ്ഞു.

ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17നാണ് മുശര്‍ഫിന് വധശിക്ഷ വിധിച്ചത്. ആറ് മാസക്കാലം നീണ്ടുനിന്ന വിചാരണക്കൊടുവിലായിരുന്നു ശിക്ഷാവിധി. 2007ല്‍ ഭരണഘടന മരവിപ്പിച്ചതിനും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനുമെതിരെ
പാകിസതാന്‍ മുസ്‌ലിം ലീഗ് നവാസ് സര്‍ക്കാര്‍ 2013 ല്‍ ഫയല്‍ചെയ്ത കേസിലായിരുന്നു വിധി.

2008 ല്‍ ഇംപീച്ച്‌മെന്റ് ഭീഷണിയെത്തുടര്‍ന്ന് മുശര്‍റഫ് രാജിവച്ചിരുന്നു. 1999 ല്‍ പട്ടാള അട്ടിമറിയിലൂടെ മുശര്‍ഫിനെ പുറത്താക്കിയ നവാസ് ശെരീഫ് 2013 ല്‍ വീണ്ടും പ്രധാനമന്ത്രിയായതോടെയാണ് മുശര്‍ഫിനെതിരെ കേസെടുത്തത്.പ്രത്യേക കോടതി പിന്നീട് മുശര്‍റഫിന് വധശിക്ഷ വിധിച്ചു.