National
ആകാശ എയര്‍ സഹസ്ഥാപകന്‍ പ്രവീണ്‍ അയ്യര്‍ രാജിവച്ചു
പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷമാകുന്നതിനിടെ കമ്പനി വിടുന്ന രണ്ടാമത്തെ ഉന്നത തല ഉദ്യോഗസ്ഥനാണ് പ്രവീണ്‍.
മുംബൈ| ആകാശ എയര്‍ കമ്പനിയുടെ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ രാജിവെച്ചു. പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷമാകുന്നതിനിടെ കമ്പനി വിടുന്ന രണ്ടാമത്തെ ഉന്നത തല ഉദ്യോഗസ്ഥനാണ് പ്രവീണ്‍. പ്രവീണ്‍ സ്ഥാനമൊഴിഞ്ഞതോടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആനന്ദ് ശ്രീനിവാസനെ പുതിയ കൊമേഴ്‌സ്യല്‍ ഓഫീസറായി കമ്പനി നിയമിച്ചു. 2025 ഒക്ടോബറില്‍ കമ്പനിയുടെ അന്താരാഷ്ട്ര സേവനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന നീലു ഖാത്രി രാജിവെച്ചിരുന്നു. ആകാശ എയറിന്റെ ആദ്യ യാത്ര തുടങ്ങുമ്പോള്‍ പ്രവീണ്‍ ആകാശ എയര്‍ ടീമിലുണ്ടായിരുന്നു. കമ്പനിയുടെ എക്‌സികുട്ടിവ് കമ്മിറ്റി അംഗംകൂടിയാണ് ഇയാള്‍.
പ്രതിസന്ധി നേരിടുന്ന കമ്പനി പുതിയ വികസന പദ്ധതികള്‍ തയാറാക്കുന്നതിനിടെയാണ് പ്രവീണ്‍ അയ്യരുടെ രാജി. വിമാനങ്ങള്‍ കൃത്യസമയത്ത് നിര്‍മിച്ച് വിതരണം ചെയ്യാന്‍ ബോയിങ്ങിന് കഴിയാത്തതാണ് ആകശ എയര്‍ കമ്പനിയുടെ പ്രതിസന്ധി. ഈ വര്‍ഷം മൂന്ന് പുതിയ വിമാനങ്ങളാണ് കമ്പനി വാങ്ങിയത്. ആഭ്യന്തര വിമാന യാത്ര വിപണിയില്‍ അഞ്ച് ശതമാനം പങ്കാളിത്തമുള്ള ആകാശ, ഈ വര്‍ഷം 12 പുതിയ വിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്.ഇപ്പോള്‍, ആകാശ എയറിന് നാല് സഹസ്ഥാപകരാണുള്ളത്. ആദിത്യ ഘോഷ്, ആനന്ദ് ശ്രീനിവാസന്‍, ബെല്‍സണ്‍ കുട്ടീഞ്ഞോ, ഭവിന്‍ ജോഷി. വിനയ് ദുബെയാണ് എയര്‍ലൈനിന്റെ സ്ഥാപകനും സിഇഒയും. നിലവില്‍ എയര്‍ലൈനിന് 33 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുണ്ട്.





