International
ട്രംപിനെ ചൊല്ലി തര്‍ക്കം; യു എസില്‍ പിതാവ് മകളെ വെടിവെച്ചു കൊന്നു
ലൂസിയും കാമുകന്‍ സാം ലിറ്റ്ലറും പിതാവിനെ കാണാന്‍ ടെക്‌സസില്‍ എത്തിയതായിരുന്നു
ടെക്‌സസ് | അമേരിക്കയിലെ ടെക്‌സസില്‍ തോക്ക് കൈവശം വെക്കുന്നതിനെച്ചൊല്ലിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുമുള്ള തര്‍ക്കത്തിനിടെ പിതാവ് 23 വയസ്സുകാരിയായ മകളെ വെടിവെച്ചു കൊലപ്പെടുത്തി. ഇംഗ്ലണ്ടില്‍ നിന്നുള്ള ലൂസി ഹാരിസണ്‍ (23)നെയാണ് പിതാവ് ക്രിസ് ഹാരിസണ്‍ കൊലപ്പെടുത്തിയത്. ടെക്‌സസിലെ പ്രോസ്പര്‍ എന്ന സ്ഥലത്തുള്ള ക്രിസിന്റെ വീട്ടില്‍ വെച്ച് കഴിഞ്ഞ മാസം പത്തിനായിരുന്നു തര്‍ക്കവും കൊലപാതകവും
ലൂസിയും കാമുകന്‍ സാം ലിറ്റ്ലറും പിതാവിനെ കാണാന്‍ ടെക്‌സസില്‍ എത്തിയതായിരുന്നു. തോക്ക് കൈവശം വെക്കുന്നതിനോട് ലൂസിക്ക് താല്പര്യമില്ലായിരുന്നു. ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, താനാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടതെങ്കില്‍ പിതാവിന് എന്ത് തോന്നുമായിരുന്നു എന്ന് ലൂസി ചോദിച്ചു. ഇതിന് തനിക്ക് മറ്റ് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ടെന്നും അത് തന്നെ അത്രയധികം വിഷമിപ്പിക്കില്ലെന്നും പിതാവ് മറുപടി നല്‍കി. ഈ മറുപടിയില്‍ മനംനൊന്ത് ലൂസി കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി.
അല്പസമയത്തിന് ശേഷം പിതാവ് ലൂസിയുടെ കൈ പിടിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ഏകദേശം 15 സെക്കന്‍ഡുകള്‍ക്ക് ശേഷം വലിയൊരു വെടിയൊച്ച കേട്ടു. സാം ഓടിച്ചെല്ലുമ്പോള്‍ ലൂസി തറയില്‍ വീണുകിടക്കുകയായിരുന്നു.കുടുംബത്തിന്റെ സുരക്ഷയ്ക്കായി വാങ്ങിയ തോക്ക് മകളെ കാണിക്കാന്‍ ഉയര്‍ത്തിയപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ക്രിസ് കോടതിയില്‍ പറഞ്ഞത്.
തോക്കിന്റെ ട്രിഗറില്‍ വിരല്‍ അമര്‍ന്നിരുന്നോ എന്ന് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യപാനത്തിന് ചികിത്സ തേടിയിരുന്ന ഇയാള്‍, കൃത്യം നടന്ന ദിവസം 500 മില്ലി വൈന്‍ കുടിച്ചിരുന്നതായും സമ്മതിച്ചു. പോലീസ് കേസെടുത്തു




