Connect with us

International

ബ്രിട്ടീഷ് അംബാസിഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍; കടുത്ത പ്രതിഷേധവുമായി ബ്രിട്ടന്‍

Published

|

Last Updated

ടെഹ്‌റാന്‍ |  ഇറാന്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ബ്രിട്ടീഷ് അംബാസിഡര്‍ റോബ് മാക് എയറിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്തു. ടെഹ്‌റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നത് അപകടമല്ലെന്ന വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളില്‍ ബ്രിട്ടീഷ് അംബാസിഡര്‍ പങ്കെടുത്തെന്ന് ആരോപിച്ചാണ് അറസ്റ്റ്.

എന്നാല്‍ സംഭവത്തില്‍ കുടത്ത പ്രതിഷേധം ബ്രിട്ടന്‍ അറിയിച്ചു. അംബാസിഡറെ അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമാണ്. തടങ്കലില്‍ വച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബ്രിട്ടന്‍ പറഞ്ഞു.

ശനിയാഴ്ചയാണ് തെഹ്‌റാനില്‍ വന്‍ ജന പ്രക്ഷോഭം നടന്നത്‌. ഈ സമയം ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡറേയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ ഒരു പ്രക്ഷോഭ പ്രവര്‍ത്തനത്തിലും ഭാഗമായിട്ടില്ലെന്നും ബ്രിട്ടീഷ് അംബാസിഡര്‍ പറഞ്ഞു. വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരവ് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയത്. വിമാനം തകര്‍ന്ന് മരിച്ചവരില്‍ ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. അതിനാല്‍ താന്‍ പോയിരുന്നു. ഇവിടെ നിന്ന് താന്‍ പോയ ശേഷമാണ് ചടങ്ങില്‍ മുദ്രാവാക്യം വിളിയുണ്ടായത്. ഇതോടെ മറ്റ് നിരവധി ആളുകള്‍ക്കൊപ്പം തന്നെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് ഇറാന്‍ സമ്മതിച്ചിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്. യാത്രക്കാരും വിമാനജീവനക്കാരുമടക്കം 176 പേരാണ് അപകടത്തില്‍ മരിച്ചത്.

Latest