Connect with us

National

കനത്ത പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍; മമതയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

കൊല്‍ക്കത്ത |  പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള വലിയ പ്രതിഷേധങ്ങള്‍ക്കിടെ ബംഗാളിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മമതയുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് മമത മോദിയോട് ആവശ്യപ്പെട്ടു.

മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് രാവിലെ മുതല്‍ വിവിധ ഇടത് സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ ബംഗാളിലെങ്ങും പ്രതിഷേധം നടക്കുകയാണ്. പ്രധാനമന്ത്രി കൊല്‍ത്ത വിമാനത്താവളത്തില്‍ ഇറങ്ങിയതോടെ പ്രതിഷേധം കരുത്താര്‍ജിക്കുകയായിരുന്നു. കനത്ത സുരക്ഷാ വലയത്തിനിടയിലേക്കാണ് മോദി വിമാനമിറങ്ങിയത്. എന്നാല്‍ ജനം ഗോ ബാക്ക് വിളിയുമായാണ് എതിരേറ്റത്. മോദി ഗോ ബാക്ക് പോസ്റ്ററുമായി വിമാനത്താവളത്തിലെത്തിയ സ് എഫ് ഐ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലും അപ്രോച്ച് റോഡിലും പ്രതിഷേധിച്ചു.
മോദിയെ കൊല്‍ക്കത്തയില്‍ കാലുകുത്തിക്കില്ലെന്ന മുദ്രാവാക്യവുമായി വിമാനത്താവളത്തിന് പുറത്ത് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്റ്റുഡന്റ്‌സ് എഗെയിന്‍സ്റ്റ് ഫാസിസം എന്ന പ്ലക്കാര്‍ഡുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗോല്‍പാര്‍ക്ക്, കോളജ് സ്ട്രീറ്റ്, ഹാറ്റിബാഗന്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധിച്ചു. കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളുമടക്കം വന്‍ പ്രതിഷേധമാണ് നടന്നത്.

ആളുകളെ വര്‍ഗീകരിക്കുന്ന പൗരത്വഭേദഗതിക്കെതിയില്‍ പ്രതിഷേധിച്ചാണ് മോദിക്കെതിരെ ഞങ്ങളുടെ പ്രതിരോധമെന്നും എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. മോദിയും അമിത് ഷായും അടക്കമുള്ള ബംഗാളിലെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ ബി ജെ പി നേതാക്കള്‍ക്കും എതിരാണ് ഞങ്ങളെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതിനിടെ മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന നടത്തിയ റാലിയിലാണ് മമത പങ്കെടുത്തത്.

Latest